
നെയ്യാറ്റിൻകര: ജനറൽ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തനം താളം തെറ്റിയിട്ടും നടപടിയില്ല. ആശുപത്രിയിൽ നിന്നുള്ള മലിനജലം സംഭരിച്ച് സംസ്കരിക്കുന്നതിനായി ഒരു കോടിയിലേറെ രൂപ മുടക്കി തയാറാക്കിയ പദ്ധതിയാണ് സ്വീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. ഇത്തരത്തിൽ ശുദ്ധീകരിക്കുന്ന ജലം ആശുപത്രിയിലെ ചെടിത്തോട്ടം നനയ്ക്കാനും ടോയ്ലെറ്റുകളിൽ ഉപയോഗിക്കാനുമായിരുന്നു പദ്ധതി. എന്നാൽ ഇതിലേക്കായി പൈപ്പ്ലൈനുകൾ സ്ഥാപിക്കാൻ പദ്ധതിയൊന്നും തയാറാക്കിയിരുന്നില്ല. അതിനാൽ ശുദ്ധിയാക്കുന്ന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവ്. ഒരു വർഷം കഴിഞ്ഞതോടെ പ്ലാന്റ് സ്ഥാപിച്ച കമ്പനി തടസങ്ങൾ കൂടാതെ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനായി ജീവനക്കാരനെ നിയമിച്ചു. ഇയാൾക്കുള്ള ശമ്പളം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നായിരുന്നു നൽകിയിരുന്നത്. ആശുപത്രിയിലെ വിവിധതരത്തിലുള്ള മാലിന്യം കലർന്ന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ പറ്റുംവിധമായിരുന്നു നിർമ്മാണവും സംവിധാനവും. ടാങ്കുകളും മോട്ടോറുകളും ഫിൽട്ടറുകളും അടങ്ങിയതാണ് സ്വീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. അടുത്തിടെ 30 ലക്ഷം രൂപ ചെലവാക്കി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് മുകളിൽ റൂഫിംഗ് നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത് തുടക്കത്തിലേ ചെയ്യാത്തതിനാൽ മോട്ടോറുകളിൽ പലതിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
വൃത്തിയാക്കലില്ല
സമയബന്ധിതമായി ടാങ്കുകൾ വൃത്തിയാക്കുക, കേടായ മോട്ടോറുകൾ മാറ്റി സ്ഥാപിക്കുക, ഫിൽട്ടറുകൾ വൃത്തിയാക്കുക തുടങ്ങിയവയൊന്നും കൃത്യമായി നടന്നിരുന്നില്ല. ഫിൽട്ടറുകളെല്ലാം മാലിന്യങ്ങളാൽ അടഞ്ഞ അവസ്ഥയാണ്. സമയാസമയങ്ങളിൽ ട്യൂബ് സെറ്റിലർ ടാങ്കിലെ ഫിൽട്ടറുകൾ, പ്രഷർ സാൻഡ് ഫിൽട്ടർ, കാർബൺ ഫിൽട്ടർ തുടങ്ങിയവ ശുദ്ധീകരിക്കുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്തിട്ടില്ല. ഇക്കാരണത്താൽ മലിനജല ശുദ്ധീകരണവും നടക്കുന്നില്ല. ഇക്കലൈസേഷൻ ടാങ്ക്, സ്വീവേജ് ലിഫ്ടിംഗ് പമ്പ്, ഫിൽട്ടർ ഫീഡ് പമ്പ് എന്നിവയുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്. ഇത് ശ്രദ്ധിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാർ ആശുപത്രിയിലില്ല എന്നതാണ് വാസ്തവം. ചില ബ്ലോഗർ പമ്പുകൾ എപ്പോഴും പ്രവർത്തിക്കുന്നത് കാണാം. ഇതൊഴിച്ചാൽ ശരിയായ രീതിയിലുള്ള ഫിൽട്ടറിംഗ് നടക്കുന്നില്ല. ടാങ്കിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുമില്ല.
ദുർഗന്ധവും മന്ത് ഭീഷണിയും
പ്ലാന്റ് ശരിയായ രീതിയിൽ പ്രവൃത്തിക്കാത്തതിനാൽ സമീപപ്രദേശങ്ങളിൽ വലിയ ദുർഗന്ധമാണ്. പത്ത് വർഷങ്ങൾക്ക് മുമ്പാണ് പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. അന്നുമുതൽ ഇവിടെ നിന്നും പുറന്തള്ളുന്ന ജലം പൊലീസ് സമുച്ചയം വഴി സമീപത്തെ കണ്ടൽക്കാട്ടിലാണ് എത്തിച്ചേരുന്നത്. അവിടെ ജലം കെട്ടിക്കിടക്കുന്നതിനാൽ രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. കൊതുക് ശല്യം മന്ത് രോഗഭീഷണി ഉണ്ടാക്കുന്നുണ്ടെങ്കിലും ജലം ഒഴുക്കിവിടുന്നത് തടയാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരും പൊലീസ് ഉദ്യോഗസ്ഥരും ദുർഗന്ധത്താൽ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി