tagore

തിരുവനന്തപുരം: സ്മാർട്ട് റോഡ് പണിയുടെ പേരിൽ നഗരവാസികൾ ഇതുവരെ അനുഭവിക്കേണ്ടി വന്നത് യാത്രാബുദ്ധിമുട്ടും പൊടിശല്യവും ആയിരുന്നെങ്കിൽ വേനൽമഴ തുടങ്ങിയതോടെ ചെളിക്കളത്തിന്റെ ദുരിതമാണ്. പൊടിയിൽ പൊറുതിമുട്ടുന്നവർക്ക് കൂനിന്മേൽ കുരു എന്നപോലെ ചെളിയിൽ ചവിട്ടി നടക്കാനാണ് വിധി. വേനൽമഴ തുടരുമെന്നതിനാൽ നഗരത്തിൽ കാൽനട യാത്രപോലും ദുഷ്കരമാകുന്ന സ്ഥിതിയാണ്. വെള്ളിയാഴ്ച രാത്രി ഒരു മണിക്കൂറോളം പെയ്ത മഴയിൽ സ്‌മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന പ്രധാന റോഡുകളിലെല്ലാം ചെളികെട്ടി. ഇവിടങ്ങളിൽ റോഡുകളിലൂടെ പോകാൻ ശ്രമിച്ച ഇരുചക്ര വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു.കാൽനട യാത്രക്കാരും വലഞ്ഞു.കാൽ വച്ചാൽ ചെളിയിൽ താഴുന്ന സ്ഥിതി. പലരും വീഴാതെ രക്ഷപ്പെട്ടെന്നു മാത്രം.

ആർട്സ് കോളേജ് ജംഗ്ഷനിൽ റോഡുപണി നടക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ചത്തെ മഴയിൽ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് ചെളി. ഇന്നലെ അതിരാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ചെളി കോരിമാറ്റിയാണ് കാൽനട യാത്രയ്‌ക്ക് സൗകര്യമൊരുക്കിയത്. രണ്ടു മാസത്തോളമായി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് മുന്നിലും സമീപത്തും റോഡ് പണിയുടെ ഭാഗമായി വലിയ കുഴികളാണ് എടുത്തിരിക്കുന്നത്. വാഹനങ്ങൾക്ക് മാത്രമല്ല,ആശുപത്രിയിലേക്ക് നടന്നുപോലും പോകാനാകാത്ത സ്ഥിതിയായി. ഓരോ ദിവസവും 10 പേരെങ്കിലും ഇരുചക്രവാഹനങ്ങളിൽ കുഴിയിൽ വീഴാറുണ്ട്. ദിവസവും നൂറുകണക്കിന് ഗർഭിണികളും കുട്ടികളുമെത്തുന്ന ആശുപത്രി എന്ന പരിഗണന പോലുമില്ലാതെയാണ് വലിയ കുഴിയെടുത്ത് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്.രാത്രിയിൽ വെളിച്ചക്കുറവുമൂലം കുഴികളിൽ ചാടിയുള്ള അപകടങ്ങളുടെ എണ്ണവും കൂടുതലാണ്.ആശുപത്രിക്ക് തൊട്ടടുത്തുള്ള മേട്ടുക്കടയിൽ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിയാണ്.രണ്ടു ഹോം ഗാർഡുമാരെ വാഹനനിയന്ത്രണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. വിമെൻസ് കോളേജിന് സമീപത്ത് ട്രാഫിക് സിഗ്നൽ കഴിഞ്ഞാൽ റോഡ് കുഴിച്ച് കുളമാക്കിയിട്ടിരിക്കുകയാണ്. വഴുതക്കാട് ടാഗോർ തിയേറ്ററിന് മുമ്പിലെ റോഡിലും ഇതുതന്നെയാണ് അവസ്ഥ.

പൊടിപൂരം

മഴയില്ലെങ്കിൽ അതിരൂക്ഷമായ പൊടിയാണ് നഗരത്തിന്റെ മറ്റൊരവസ്ഥ. കൊടുംചൂടിൽ പൊടിപടലങ്ങൾ കൂടിയായതോടെ റോ‌ഡുപണി നടക്കുന്ന സ്ഥലത്തെ ജനങ്ങൾ മാസ്‌‌ക് ധരിച്ചാണ് നടക്കുന്നത്. കച്ചവട സ്ഥാപനങ്ങൾക്ക് മുമ്പിലെ റോഡിൽ നിശ്ചിത ഇടവേളകളിൽ ലോറിയിൽ നിന്ന് വെള്ളം നനച്ച് പൊടിശല്യം ശമിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കടകളിലെ സാധനങ്ങളെല്ലാം പൊടി മൂടിയിരിക്കുന്ന സ്ഥിതി. ഇവിടങ്ങളിലെ കച്ചവടക്കാരും ദുരിതത്തിലാണ്.

വാഹനങ്ങൾക്കും കേടുപാട്


മറ്റ് വഴികളില്ലാത്തതിനാൽ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിർമ്മാണം നടക്കുന്ന റോഡിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്. യാത്രക്കാരുമായി കുഴികൾ കയറിയിറങ്ങിയുള്ള യാത്ര കുതിരപ്പുറത്ത് പോകുന്നതിന് തുല്യം. ജനങ്ങളുടെ നടുവൊടിയുമെന്ന് മാത്രമല്ല വാഹനത്തിനും കേടുപാടുകൾ വരുന്നു. മൂന്നുമാസം കൂടുമ്പോൾ വാഹനത്തിന്റെ ഷോക് അബ്‌സോർബർ തകരാറിലാകുന്ന സ്ഥിതിയാണെന്ന് ഓട്ടോഡ്രൈവർ പറയുന്നു. മറ്റ് അറ്റുകറ്റപ്പണികൾ വേറെയും...