പാലോട്: ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിതരായ സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ ജീവനക്കാർ. നിരവധി ജോലികൾ ചുമതലപ്പെടുത്തിയിട്ടുള്ള ഇവർക്ക് പ്രതിമാസം 6000 രൂപയാണ് കിട്ടുന്നത്.

ഒപ്പം ഇൻസന്റീവായി 2000 മുതൽ 2500 രൂപ വരെ ലഭിക്കും. അതായത് തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരു ദിവസം കിട്ടുന്ന വേതനം ദിവസ വേതനമായിപോലും ഇവർക്ക് കിട്ടാറില്ല. എന്നാൽ യാത്രാപ്പടി നൽകാത്തതിനാൽ ഈ കിട്ടുന്നതിൽ നിന്നുവേണം യാത്രയ്ക്കുള്ള ചെലവും കണ്ടെത്തേണ്ടത്. മാസങ്ങൾക്കു മുൻപ് ഓണറേറിയം 8000 ആയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവർക്ക് കിട്ടാനുള്ളത് കഴിഞ്ഞ മൂന്ന് മാസത്തെ ഓണറേറിയവും നാല് മാസത്തെ ഇൻസെന്റീവുമാണ്.

 സേവനങ്ങൾ ഏറെ

ആശാവർക്കർമാർക്ക് പ്രധാനമായും ഫീൽഡ് വർക്കാണ്. വീടുകളിലെ കിടപ്പിലായ രോഗികളുടെ ക്ഷേമങ്ങൾ, ഗർഭിണികൾക്കുള്ള മരുന്നുകൾ യഥാസമയം എത്തിക്കുക, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് അറിയിക്കുക,​ പരിസരശുചിത്വം, ക്ലോറിനേഷൻ തുടങ്ങിയവയായിരുന്നു ഇവരുടെ ജോലി. ഇതുകൂടാതെ പനിയെ തുടർന്ന് ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ആശാവർക്കർമാരുടെ സേവനം കൂടി ആശുപത്രിയിലേക്ക് മാറ്റി. തിരക്ക് നിയന്ത്രിക്കലാണ് ജോലിയെങ്കിലും ഇവരുടെ സേവനം എല്ലാത്തരത്തിലും ലഭ്യമാകുന്നു.

 പ്രതീക്ഷയോടെ...

ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് ഒരു ആശാവർക്കർ എന്ന നിലയിലാണ് ഇവർക്ക് നിയമനം. മൂന്നു മാസമായിട്ടുള്ള ഗർഭിണിയുടെ പേര് ആരോഗ്യ വകുപ്പിന് രജിസ്റ്റർ ചെയ്താൽ 300 രൂപ ലഭിക്കുമായിരുന്നു. പ്രസവം കഴിയുമ്പോൾ 300 രൂപയും ലഭിക്കും. എന്നാൽ അത് ഇപ്പോൾ മാറ്റി. പ്രസവത്തിനു ശേഷമേ മുന്നൂറ് രൂപ ലഭിക്കുകയുള്ളൂ. മറ്റ് തൊഴിലുകൾ ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ഇവർക്ക് അതിനു കഴിയാറില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 1000 രൂപയും ഫോൺ അലവൻസായി 200 രൂപയും ഇവർക്ക് അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഫോൺ അലവൻസ് മാത്രമാണ് നിലവിൽ കിട്ടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള 1000 രൂപ കിട്ടാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

നിയമനം വേണം

ഭൂരിഭാഗം ആശാവർക്കർമാർക്കും സ്വന്തമായി വാഹനം പോലുമില്ലാത്തവരാണ്. ദിവസേന കിലോമീറ്ററുകൾ നടക്കണം. 2009 ലാണ് സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ ആശാവർക്കർമാരെ നിയമിച്ചത്. രോഗനിയന്ത്രണത്തിലും രോഗീപരിചരണത്തിലും താങ്ങായ് പൊരുതുന്ന ഇവർക്ക് ശമ്പളത്തിൽ ചെറിയ ഒരു വർദ്ധനവ് വരുത്തിയാൽ ഇവരുടെ പ്രാരാബ്ധങ്ങൾക്ക് ചെറിയ ഒരു ആശ്വാസമാകും. ത്രിതല പഞ്ചായത്തുകൾ ഒരുമിച്ചുനിന്ന് ആശാവർക്കർമാർക്ക് ഓണറേറിയത്തിൽ ഒരു വർദ്ധന വരുത്തുന്നതിനോടൊപ്പം 2009 മുതൽ ജോലി ചെയ്യുന്നവർക്ക് സ്ഥിരം നിയമനം ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നു.