
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെ മൂന്നാം ലോക രാജ്യങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങളും മറ്റും അയയ്ക്കാൻ ഇന്ത്യ തുണയാകുമെന്നതാണ് ആ പ്രതീക്ഷയുടെ അടിസ്ഥാനം. ഒരുകാലത്ത് വികസിത രാജ്യങ്ങളുടെ മാത്രം കുത്തകയായിരുന്നു ബഹിരാകാശ ഗവേഷണം. അതിൽ ഏറ്റവും മുൻപന്തിയിൽ അമേരിക്കയായിരുന്നു. റഷ്യയും ചൈനയും തൊട്ടുപിന്നിൽ നിന്നിരുന്നു. വളരെ പിന്നിലായിരുന്ന ഇന്ത്യ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഈ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. വൈകാതെ ഇന്ത്യക്കാരായ ഗഗനചാരികൾ ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ പോകുകയാണ്. അതിനു മുമ്പ് ഐ.എസ്.ആർ.ഒ കൈവരിച്ച മറ്റൊരു നേട്ടമാണ് പുഷ്‌പകിന്റെ മൂന്നാം വട്ട പരീക്ഷണ വിജയം.
വിമാനങ്ങൾക്കു സമാനമാണ് പുഷ്‌പക് റോക്കറ്റ്. ബഹിരാകാശത്തേക്ക് പോയശേഷം തിരികെ റൺവേയിൽ ഇറക്കാനാവുന്ന പുനരുപയോഗ റോക്കറ്റാണിത്. അമേരിക്കയുടെ സ്പെയിസ് ഷട്ടിൽ മാതൃകയിലാണ് ഇന്ത്യ ഇത് വികസിപ്പിച്ചത്. 2016-ലായിരുന്നു ആദ്യ പരീക്ഷണം. 2023 ഏപ്രിലിൽ രണ്ടാം പരീക്ഷണം നടത്തി. ഇപ്പോൾ നടന്നത് മൂന്നാമത്തെ പരീക്ഷണമാണ്. ഇനി ഇടയ്ക്കിടെ ബഹിരാകാശത്തു പോയി തിരിച്ചെത്താൻ ഈ പേടകം ഉപകരിക്കും. നേർരേഖയിലുള്ള ലാൻഡിംഗാണ് കഴിഞ്ഞ വർഷത്തെ പരീക്ഷണത്തിൽ നടപ്പാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ലാൻഡിംഗ് നേർരേഖയിൽ നിന്ന് 150 മീറ്റർ മാറ്റിയായിരുന്നു. സ്വയം നിയന്ത്രിച്ചായിരുന്നു ഇറക്കം. ബ്രേക്ക് പാരച്യൂട്ട്, ലാൻഡിംഗ് ഗിയർബ്രേക്ക് തുടങ്ങിയവ ഉപയോഗിച്ച് വളരെ കൃത്യമായാണ് ലാൻഡിംഗ് പൂർത്തിയാക്കിയതെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻനായർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിലെ ചിത്രദുർഗയ്ക്കു സമീപമുള്ള ഡി.ആർ.ഡി.ഒയുടെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടർ ഉപയോഗിച്ച് പുഷ്‌പക്കിനെ ഉയർത്തി ഭൂമിയിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ വേർപെടുത്തുകയായിരുന്നു. താഴോട്ടു പതിച്ച റോക്കറ്റ് നാലു കിലോമീറ്റർ മുകളിൽ വച്ച് സ്വയം പറക്കാൻ തുടങ്ങി. പിന്നീട് ദിശ സ്വയം നിർണയിച്ച് സുരക്ഷിതമായി വിമാനത്തെപ്പോലെ റൺവേയിൽ ലാൻഡ് ചെയ്യുകയായിരുന്നു. ബഹിരാകാശത്തു പോയി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റീഎൻട്രി ചെയ്യുന്ന പരീക്ഷണമാണ് ഇനി അവശേഷിക്കുന്നത്. അതുകൂടി വിജയിച്ചാൽ വിക്ഷേപണങ്ങൾക്ക് ഈ റോക്കറ്റ് ഉപയോഗിക്കാം.
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ, സ്പെയിസ് സ്റ്റേഷൻ പദ്ധതികൾ എന്നിവയ്ക്ക് വളരെ അനിവാര്യമാണ് പുഷ്‌പക് റോക്കറ്റ്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് നിലവിൽ ഇത്തരം റോക്കറ്റുള്ളത്. ഉപഗ്രഹ വിക്ഷേപണ ചെലവ് പത്തിലൊന്നായി ഇന്ത്യയ്ക്ക് കുറയ്ക്കാനാവും എന്നതാണ് ഈ റോക്കറ്റിന്റെ ഏറ്റവും വലിയ നേട്ടം. അധികം പണം ചെലവഴിക്കാതെ മൂന്നാം ലോക രാജ്യങ്ങൾക്ക് ഉപഗ്രഹങ്ങൾ അയയ്ക്കാൻ ഇന്ത്യയെ സമീപിക്കാനാവും എന്ന സാദ്ധ്യതയും ഇത് തുറന്നിടുന്നു. ഭാവിയിൽ ബഹിരാകാശ ടൂറിസത്തിനു വരെ ഈ റോക്കറ്റിന്റെ ആധുനിക പതിപ്പുകൾ ഉപയോഗിക്കാനാവും. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന ഒരു നേട്ടം കൂടിയാണ് പുഷ്‌പക് പരീക്ഷണ വിജയത്തിലൂടെ ഐ.എസ്.ആർ.ഒ കരസ്ഥമാക്കിയിരിക്കുന്നത്.