
കൊടിതോരണങ്ങൾ പ്ലാസ്റ്റിക്ക് വിമുക്തമാക്കണം
ഡിസ്‌പോസിബൾ ഗ്ലാസും പാത്രവും ഒഴിവാക്കണം
തിരുവന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഹരിത പരിപാലന ചട്ടം നടപ്പാക്കി പ്രകൃതി സൗഹൃദ സാധനസാമഗ്രികൾ മാത്രം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൂടെ മാലിന്യം പരമാവധി കുറയ്ക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 25,358 ബൂത്തുകളിലും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ സാമഗ്രികളിലും പൂർണ്ണമായും പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ മാത്രമാവും ഉപയോഗിക്കാനാവുക.
പ്രചാരണത്തിന് പരമാവധി ഡിജിറ്റൽ സാദ്ധ്യതകൾ കണ്ടെത്തണമെന്നാണ് പ്രധാന നിർദ്ദേശമുള്ളത്. ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ എന്നിവയ്ക്ക് പുറമെ തുണിയോട് സാമ്യമുള്ള പോളിപ്രൊപ്പലീൻ ബോർഡുകൾ, ബാനറുകൾ എന്നിവയും നിരോധിച്ചതാണ്. ഇവയ്ക്ക് ബദലായി കോട്ടൺ തുണിയിൽ എഴുതി തയ്യാറാക്കുന്നതോ, തുണിയും പേപ്പറും ചേർന്ന് നിർമ്മിക്കുന്ന വസ്തുവിൽ നിർമ്മിക്കുന്നതുമായിട്ടുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാവുന്നതാണ്. പനമ്പായ, പുൽപ്പായ, ഓല ,ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്ന പ്രചാരണ സാമഗ്രികളും പ്രയോജനപ്പെടുത്താം.
പ്ലാസ്റ്റിക്ക് വിമുക്തമായുള്ള കൊടിതോരണങ്ങൾ വേണം ഉപയോഗിക്കാൻ. കുടിവെള്ളം കൊണ്ട് നടക്കാനുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ, ആർച്ചുകളിലടക്കം തെർമോക്കോൾ ഉപയോഗിച്ചുള്ള അലങ്കാര സാമഗ്രികൾ എന്നിവയും ഒഴിവാക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെടും. വോട്ടെടുപ്പിന് ശേഷം കൊടിതോരണങ്ങളും പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവർ തന്നെ അഴിച്ചുമാറ്റി തരംതിരിച്ച് ഹരിത കർമ്മസേനയ്‌ക്കോ മറ്റ് അംഗീകൃത ഏജൻസികൾക്കോ നൽകി അവയുടെ സംസ്‌ക്കരണം ഉറപ്പാക്കേണ്ടതാണ്. നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിയമനടപടികൾ സ്വീകരിക്കും.
പോളിംഗ് ബൂത്തുകൾ ഒരുക്കുമ്പോൾ
കുടിവെള്ള ഡിസ്‌പെൻസറുകൾ വെയ്ക്കുക. വെള്ളം കുടിക്കാൻ സ്റ്റീൽ/ കുപ്പി ഗ്ലാസുകൾ ക്രമീകരിക്കുക
മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ വെയ്ക്കുക. നീക്കം ചെയ്യാൻ ഹരിതകർമ്മ സേനയുമായി കരാർ
ഭക്ഷണം പ്ലാസ്റ്റിക്ക് പാത്രങ്ങൾ, സഞ്ചികൾ എന്നിവയിൽ വിതരണം ചെയ്യരുത്.
പ്രതീക്ഷിക്കുന്ന മാലിന്യം :5000 ടണ്ണിലേറെ
ഉപയോഗിക്കാവുന്നത്
കോട്ടൺ തുണി, തടി/ലോഹങ്ങളിൽ നിർമ്മിതമായ ബോർഡുകൾ, വാഴയിലയിൽ പൊതിഞ്ഞു വരുന്ന ഭക്ഷണപദാർത്ഥങ്ങൾ, പൂക്കങ്ങൾ കൊണ്ടുള്ള മാലകൾ, കോട്ടൺ തോർത്ത്
ഒഴിവാക്കേണ്ടവ
എല്ലാ സാധനങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക്, തെർമോക്കോൾ
ഹരിത പെരുമാറ്റംചട്ടം നടപ്പിലാക്കാൻ ബന്ധപ്പെടേണ്ടത്
ഹരിത കേരളമിഷൻ, ശുചിത്വമിഷൻ ജില്ലാ ഓഫീസുകൾ