floating-solar

തിരുവനന്തപുരം:അണക്കെട്ടുകളിൽ ഫ്ളോട്ടിംഗ് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതി കെ.എസ്.ഇ.ബിയിലെ എതിർപ്പു മൂലം ജലരേഖയായി.

2021ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ഫ്ളോട്ടിംഗ് സോളാർ പദ്ധതിയുടെ ചുവടുപിടിച്ചാണ് ആദ്യം 10 അണക്കെട്ടുകളിൽ പദ്ധതി തീരുമാനിച്ചത്. പൊൻമുടി, കല്ലാർകുട്ടി, സെങ്കുളം, കല്ലാർ, കുണ്ടല, മാട്ടുപ്പെട്ടി, ആനയിറങ്കൽ,​അരുവിക്കര, പേപ്പാറ, ബാണാസുര സാഗർ അണക്കെട്ടുകൾ തിരഞ്ഞെടുത്തു. 100 മുതൽ 400 വരെ മെഗാവാട്ട് ആയിരുന്നു ലക്ഷ്യം. 2021 ഡിസംബറിൽ ഡിസൈൻ, ബിൽഡ്, ഓൺ, ഓപറേറ്റ് രീതിക്ക് അന്താരാഷ്ട്ര ടെൻഡർ ക്ഷണിച്ചു കരാർ എടുക്കുന്നവർ പണംമുടക്കി പ്ളാന്റ് സ്ഥാപിച്ച് വൈദ്യുതിയുണ്ടാക്കണം. 800 കോടിയാണ് ചെലവു കണക്കാക്കിയത്. വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. 25 വർഷത്തിനുശേഷം പ്ളാന്റ് കെ.എസ്.ഇ.ബിക്ക് കൈമാറണം. ടാറ്റപവർ,അദാനിപവർ,എൻ.ടി.പി.സി,കെ.എം.ആർ.എൽ, ഐനോക്സ് റിന്യുവബിൾ എനർജി തുടങ്ങിയ സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചു.

ടെൻഡറിലെ രണ്ടു വ്യവസ്ഥകളോട് കെ.എസ്.ഇ.ബിയിൽ എതിർപ്പുയർന്നു. വൈദ്യുതി 4.10രൂപയ്ക്ക് കെ.എസ്.ഇ.ബി വാങ്ങുന്നതും കരാറുകാർക്ക് 25വർഷത്തെ പ്രവർത്തനാനുമതി നൽകുന്നതും. ഡാമുകളുടെ നിയന്ത്രണം അവർക്ക് നൽകുന്നതുപോലെയാവും എന്നായിരുന്നു വിമർശനം. അണക്കെട്ടുകളിൽ സോളാർ പാനലുകൾ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നും കെ.എസ്.ഇ.ബി.യിലെ ചില സംഘടനകൾ വിമർശിച്ചു. തുടർന്ന് വ്യവസ്ഥകൾ പരിഷ്കരിച്ച് 2022 ജനുവരിയിൽ മുഖ്യമന്ത്രി ഇടപെട്ട് നിക്ഷേപസംഗമം മസ്‌കറ്റിൽ നടത്തി. ആരും താത്പര്യവുമായി എത്തിയില്ല. അതോടെ പദ്ധതി നടപ്പാകാതെപോയി. ബാണാസുരസാഗറിൽ കെ.എസ്.ഇ.ബി 500കിലോവാട്ടിന്റെ ചെറിയ സോളാർ പ്ളാന്റ് സ്ഥാപിച്ചു.

ഫലപ്രദം, എന്നിട്ടും വേണ്ട

എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020ലെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 18,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലസംഭരണികളിൽ 280 ജിഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാം. പാരിസ്ഥിതിക ആഘാതമുണ്ടാക്കില്ല. മറിച്ച് ജലാശയത്തിന് തണൽ നൽകി ബാഷ്പീകരണം കുറയ്ക്കും. അതിനാൽ വരൾച്ചയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഇത് കൂടുതൽ ഫലപ്രദമാണ്. മൊഡ്യൂളുകൾ വൃത്തിയാക്കാൻ റിസർവോയറിലെ വെള്ളം ഉപയോഗിക്കുന്നതിനാൽ പരിപാലനച്ചെലവും കുറയും. ഇതൊക്കെയായിട്ടും കേരളത്തിന് വേണ്ട! ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി അണക്കെട്ടുകളിൽ പ്ളാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.