
ബാലരാമപുരം:അനന്തപുരിയിൽ ആര് വാഴും ആര് വീഴുമെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഡൽഹി മുഖ്യൻ കേജ്‌രിവാളിന്റെ അറസ്റ്റാണ് നേതാക്കളുടെ തുറുപ്പുചീട്ട്. കേജ്‌രിവാളിന്റെ അറസ്റ്റിനെ ബി.ജെ.പി വിരുദ്ധ വികാരം സൃഷ്ടിക്കാനാണ് മറ്റ് രണ്ട് മുന്നണികളുടെയും കരുനീക്കം.എന്നാൽ,ഇ.ഡി വേട്ട അഴിമതിക്കാരെ തുരത്താനാണെന്ന മറുവാദവുമായാണ് ബി.ജെ.പി കളത്തിലുള്ളത്. ഘടകകക്ഷികളുടെ കൂടുതൽ പിന്തുണയും പ്രചാരണവും ഇടതുവലതു മുന്നണികൾക്ക് ലഭിക്കുമ്പോൾ മോദിയുടെ ഗ്യാരന്റിയും പൂവണിഞ്ഞ ബൃഹത് പദ്ധതികളുമാണ് ബി.ജെ.പിയുടെ മുഖ്യ ആയുധം.തിരഞ്ഞെടുപ്പ് കൺവെൻഷനുകളും യോഗങ്ങളും ഒരു ഭാഗത്ത് പ്രചാരണം കൊഴുപ്പിക്കുമ്പോൾ മണ്ഡലപര്യടനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുകയാണ് സ്ഥാനാർത്ഥികൾ.
തിരുവിതാംകൂറിൽ ചരിത്രം വിസ്മരിക്കാത്ത പത്മനാഭ ദാസനെപ്പോലെ തിരുവനന്തപുരത്തിന്റെ സേവകനായി ജനങ്ങൾക്കൊപ്പം തുടരാനാണ് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ആഗ്രഹം. തിരുവനന്തപുരത്ത് പുതിയ വാടകവീട്ടിൽ ഗൃഹപ്രവേശം നടത്തിയതിനുശേഷമായിരുന്നു രാജീവ് ചന്ദ്രശേഖർ ഇന്നലെ പര്യടനം ആരംഭിച്ചത്. ശശിതരൂരിന്റെ 2019ലെ പ്രകടനപത്രിക ഉയർത്തിക്കാട്ടി എന്തു ചെയ്തെന്ന ചോദ്യശരമാണ് ബി.ജെ.പി തൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ വികസനത്തിനായി ശശി തരൂർ കഴിഞ്ഞ മൂന്ന് തവണയും യാതൊന്നും ചെയ്തില്ലെന്ന ആരോപണവുമായാണ് ബി.ജെ.പി വോട്ടർമാരെ കാണുന്നത്.
നെയ്യാറ്റിൻകര മണ്ഡലത്തിൽ 25ന് സി.പി.എം സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പര്യടനം നടത്തും. രാവിലെ ആരംഭിക്കുന്ന പര്യടനത്തിൽ നിംസ് ഹോസ്പിറ്റൽ, സി.ബി.എസ്.ഇ സ്കൂളുകൾ, ഗവ. പോളിടെക്നിക്, ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ ചേരുന്ന ആത്മ സമ്മേളനം എന്നിവയിലും വൈകിട്ട് 4 ന് പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ മുഖാമുഖം പരിപാടിയിലും പങ്കെടുക്കും എൽ.ഡി.എഫ് പെരുമ്പഴുതൂർ മേഖലാ കൺവെൻഷൻ ഗുരുപൂർണിമ ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.ഐ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആൻസലൻ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ശ്രീകുമാർ, സി.പി.ഐ കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, കോൺഗ്രസ് (എസ്) നേതാവ് കെ.എസ്. അനിൽ, ജി.എൻ. ശ്രീകുമാർ, മുരുകേശൻ ആശാരി, എൻ.സി.പി നേതാവ് എ.കെ. പുരുഷോത്തമൻ, കേരള കോൺഗ്രസ് നേതാവ് പുന്നക്കാട് തുളസി, ജി.എസ്.ചന്തു,ഇരുമ്പിൽ മോഹനൻ,വി.ചന്ദ്രൻ,മുല്ലരിക്കോണം അനിൽകുമാർ,അനൂപ് തുടങ്ങിയവർ സംസാരിച്ചു.
യു.ഡി.എഫിന്റെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ അസംബ്ലിതല കൺവെൻഷനുകൾ കഴിഞ്ഞ ദിവസം വിഴിഞ്ഞം ആനിമേഷൻ സെന്ററിൽ തുടക്കമായി. മണ്ഡലം കൺവെൻഷനുകൾ ഇന്ന് വൈകിട്ട് 4ന് വെള്ളായണിയിലും 5ന് കല്ലിയൂരും നടക്കും.കല്ലിയൂർ മണ്ഡലം പ്രസിഡന്റ് അഡ്വ.സതികുമാരി,വെള്ളായണി മണ്ഡലം പ്രസിഡന്റ് ഊക്കോട് അനിൽ, ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കോളിയൂർ ദിവാകരൻ നായർ, മണ്ഡലം-ബ്ലോക്ക്- ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ബാലരാമപുരത്ത് ടൗൺ മുസ്ലീം ജമാ അത്തിന്റെ ഇഫ്താർ സൗഹൃദ സദസിൽ കഴിഞ്ഞ ദിവസം ശശിതരൂർ പങ്കെടുത്തു. ജമാ അത്ത് പ്രസിഡന്റ്, സെക്രട്ടറി ഖാജ, കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ, മുൻ മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ, ബാലരാമപുരം മണ്ഡലം പ്രസിഡന്റ് എ.അർഷാദ്, ജമാ അത്ത് മുൻ പ്രസിഡന്റ് നൗഷാദ് തുടങ്ങിയവർ തരൂരിനൊപ്പമുണ്ടായിരുന്നു.