p

തിരുവനന്തപുരം: ലഹരിക്ക് അടിമയായി പ്രശ്നങ്ങളുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കുമ്പോൾ നേരിട്ട് സ്റ്റേഷനിലേക്കു കൊണ്ടുപോകരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ. ഇത്തരക്കാരെ എസ്.എച്ച്.ഒ ഉടൻ ആശുപത്രിയിലെത്തിക്കണം. ഡോക്ടർ ആരോഗ്യനില വിലയിരുത്തണം. ജില്ലകളിൽനിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ച് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. ഡോക്ടർമാർ പ്രത്യേക നിർദ്ദേശം നൽകുന്ന സാഹചര്യങ്ങളിൽ ഒഴികെ കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിൽ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുത്. കസ്റ്റഡിയിലുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മടങ്ങരുത്.

കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോൾ പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും അക്രമാസക്തനാകാനിടയുണ്ടോയെന്നും മുൻകൂട്ടി കണ്ടെത്തണമെന്നതടക്കം മാർഗ്ഗനിർദ്ദേശങ്ങൾ നേരത്തേ പുറത്തിറക്കിയിരുന്നു. കസ്റ്റഡിയിലുള്ളയാളുടെ പക്കൽ ആയുധമില്ലെന്ന് ഉറപ്പാക്കണം. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകുമെന്ന് സംശയമുണ്ടെങ്കിൽ അക്കാര്യം ഡോക്ടർമാരെ അറിയിക്കണം. അക്രമാസക്തനായാൽ പൊലീസ് ഉടൻ ഇടപെടണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ചയാൾ ഡോക്ടറെ കുത്തിക്കൊന്ന സംഭവം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

വിലങ്ങ് വയ്ക്കരുത്

മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുമ്പോൾ, ആ ജുഡിഷ്യൽ ഓഫീസറിൽനിന്നു പ്രത്യേക നിർദ്ദേശം ലഭിക്കാതെ കൈയിൽ വിലങ്ങ് വയ്ക്കരുത്. പൊലീസ് നടപടി വീഡിയോയിൽ ചിത്രീകരിക്കണം. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തിയെ കീഴടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സുസജ്ജരായിരിക്കണം. ആൽക്കോമീറ്റർ, കൈവിലങ്ങുകൾ, ഹെൽമെറ്റുകൾ, കലാപ കവചങ്ങൾ എന്നിവ കരുതണം. വ്യക്തിയുടെ പരുക്കുകൾ, ആരോഗ്യനില, മാനസികനില, അപകടസാദ്ധ്യത എന്നിവ ഉൾപ്പെടെ ആശുപത്രി അധികൃതരെയും ഡോക്ടറെയും മുൻകൂട്ടി അറിയിക്കണം.