p

തിരുവനന്തപുരം: സർക്കാർ കോളേജുകളിൽ, യു.ജി.സി വ്യവസ്ഥകൾ ലംഘിച്ച് പ്രിൻസിപ്പൽ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനവും പ്രൊമോഷനുകളും നൽകുന്നത് പതിവാകുന്നു. ഇടത് അദ്ധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണിത്. നിയമനത്തിനും സ്ഥാനക്കയറ്റത്തിനും യു.ജി.സി ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിലപാടെടുക്കുകയും അയോഗ്യരുടെ സ്ഥാനക്കയറ്റം തടയുകയും ചെയ്ത കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്‌നേശ്വരിയെ ആ സ്ഥാനത്ത് നിന്ന് മാറ്റിയത് അടുത്തിടെയാണ്. ഡയറക്ടറെ മന്ത്രി ആർ.ബിന്ദു പരസ്യമായി വിമർശിച്ചിരുന്നു. പുതിയ ഡയറക്ടർ വന്ന ശേഷമാണ് യു.ജി.സി യോഗ്യതയില്ലാത്ത നിരവധി പേർക്ക് പ്രിൻസിപ്പൽമാരായും പ്രൊഫസർമാരായും സ്ഥാനക്കയറ്റം കിട്ടിയത്.

2022ൽ വിദഗ്ദ്ധ സമിതി ഇന്റർവ്യൂ നടത്തി യു.ജി.സി ചട്ടപ്രപകാരം യോഗ്യതയുള്ളതായി കണ്ടെത്തിയ 35 ഗവ. കോളേജ് അദ്ധ്യാപകർക്കാണ് പ്രൊഫസറായി പ്രൊമോഷൻ നൽകിയത്. സി.പി.എം അനുകൂല അദ്ധ്യാപക സംഘടനയിൽപെട്ട നിരവധി പേരെ വിഘ്നേശ്വരിയുടെ നേതൃത്വത്തിലെ സമിതി അയോഗ്യരാക്കി. ഇവർക്ക് യു.ജി.സി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞേ വീണ്ടും അപേക്ഷിക്കാനാവൂ. അത് വകവയ്ക്കാതെയാണ് 5 മാസത്തിനുള്ളിൽ പുതിയ വിദഗ്ദ്ധസമിതി രൂപീകരിച്ച് നേരത്തേ അയോഗ്യരായി കണ്ടെത്തിയവർക്കും പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയത്. ഇങ്ങനെ 90പേർക്ക് സ്ഥാനക്കയറ്റം കിട്ടി.

യു.ജി.സിയുടെ അംഗീകൃത കെയർ പട്ടികയിൽപെട്ട ജേണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പകരം ചില കോളേജ് മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കൂടി കണക്കിലെടുത്തതാണ് 90 പേർക്ക് പ്രൊമോഷൻ നൽകിയത്. കോളേജ് പ്രിൻസിപ്പൽ ആകുന്നതിന് 15 വർഷത്തെ അദ്ധ്യാപനപരിചയം വേണമെന്നിരിക്കെ, ഡെപ്യൂട്ടേഷനിൽ അനദ്ധ്യാപക പദവികളിൽ പ്രവർത്തിച്ച കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതും യു.ജി.സി ചട്ടത്തിന് വിരുദ്ധമാണ്. പ്രിൻസിപ്പൽ നിയമനത്തിലെ ചട്ടലംഘനം ബോദ്ധ്യമായ ഹൈക്കോടതി 35പേരുടെ നിയമനം സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെ ഗവ. കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാത്ത സ്ഥിതിയായി. ഇതിനിടെയാണ് കഴിഞ്ഞദിവസം മതിയായ യോഗ്യതയില്ലാത്ത 7പേരെക്കൂടി നിയമിച്ചത്. ഇവരെല്ലാം ഭരണകക്ഷിയിൽ പെട്ടവരാണ്. സർക്കാർ കോളേജിൽ യു.ജി.സി വ്യവസ്ഥകൾ ലംഘിച്ചു നടത്തിയിട്ടുള്ള എല്ലാ സ്ഥാനക്കയറ്റവും നിയമനങ്ങളും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി അറിയിച്ചു.