1

വിഴിഞ്ഞം: തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് പാറയുമായിപോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബി.ഡി.എസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. അനന്തുവിന്റെ അമ്മ ബിന്ദുവിന് വിഴിഞ്ഞം തുറമുഖത്ത് ജോലിയും നൽകും. അനന്തുവിന്റെ വീട്ടിലെത്തിയാണ് അദാനി പോർട്സ് അധികൃതർ ഇക്കാര്യം അറിയിച്ചതെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. ടിപ്പർ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്ന കല്ലുവെട്ടാൻകുഴി സ്വദേശിനിയായ സ്കൂൾ അദ്ധ്യാപിക സന്ധ്യാറാണിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും തുറമുഖ നിർമ്മാണ സ്ഥലത്തേത്ത് സാധനങ്ങൾ കൊണ്ടുപോകുന്നതിന് ജില്ലാകളക്ടർ പുറത്തിറക്കിയ നിബന്ധനകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7.50 ന് മുക്കോല - ബാലരാമപുരം റോഡിൽ മുളളുമുക്ക് മണലിയിലായിരുന്നു അപകടം. തുറമുഖത്തേക്ക് പോയ ടിപ്പർ കുഴിയിൽ ഇറങ്ങിയപ്പോൾ ലോറിയിലുണ്ടായിരുന്ന കരിങ്കൽ കഷ്ണം സ്‌കൂട്ടറിൽ പോവുകയായിരുന്ന അനന്തുവിന്റെ തലയിൽ പതിക്കുകയായിരുന്നു.

 ജീവന്റെ വിലയായി കാണരുത്

അദാനി പോർട്സ് അധികൃതർ നൽകുന്ന നഷ്ടപരിഹാരത്തുക അനന്തുവിന്റെ ജീവന്റെ വിലയായി കാണരുതെന്ന് പിതാവ് എം.അജികുമാർ പറഞ്ഞു. അപകടത്തിന് ഉത്തരവാദിയായ ടിപ്പർ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസത്തിനും ബിന്ദുവിന്റെ ചികിത്സയ്ക്കുമായി ചെലവായതിൽ 50 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ട്. മാസംതോറും ചികിത്സയിനത്തിൽ 7000 രൂപയോളം വേണ്ടിവരും. നല്ലൊരു തുക പലിശ നൽകുന്നതിനു ചെലവാകുന്നുണ്ടെന്നും അനന്തുവിന്റെ അമ്മ ബിന്ദു പറഞ്ഞു.