
തിരുവനന്തപുരം: സൗത്ത് വയനാട് സബ് ഡിവിഷൻ മേഖലയിൽ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. വയനാട് ചെതലത്ത് ഫോറസ്റ്റ് റേഞ്ചിലെ മയിലമ്പാടി ജനവാസമേഖലയിൽ ഭീതി പരത്തിയ പെൺകടുവയെ കഴിഞ്ഞ 12നാണ് കൂട് സ്ഥാപിച്ച് വനംവകുപ്പ് പിടികൂടിയത്. ആരോഗ്യസ്ഥിതി മോശമായ കടുവയെ കാട്ടിലേക്ക് തിരികെ വിടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മൃഗശാലയിലേക്ക് മാറ്റിയത്.
ആറ് വയസുള്ള കടുവയുടെ ശരീരത്തിൽ പത്തോളം മുറിവുകളുണ്ട്. എന്തോ ആക്രമിച്ചതാകാമെന്നാണ് നിഗമനം. നാല് പല്ലുകളും നഷ്ടമായിട്ടുണ്ട്. ആരോഗ്യ സ്ഥിതി മോശമായ കടുവ മൃഗശാലയിൽ പ്രത്യേക കൂട്ടിൽ ചികിത്സയിലാണ്. ആദ്യഘട്ടത്തിലുള്ള 21 ദിവസത്തെ ചികിത്സ ഫലം കണ്ടാൽ കൂടുമാറ്റും. ചൂട് കൂടുതലായതിനാൽ വായുസഞ്ചാരത്തിനായി ഫാനുകളും താപനില കുറയ്‌ക്കാനായി കൂളറും സ്ഥാപിച്ചിട്ടുണ്ട്. മൃഗശാല ഡോക്ടർ നികേഷ് കിരണിന്റെ നേതൃത്വത്തിലാണ് ചികിത്സ.
ഇതിനെക്കൂടാതെ ഒരുജോഡി ബംഗാൾ കടുവകളും ഒരു ജോഡി വെള്ളക്കടുവകളുമാണ് മൃഗശാലയിലുള്ളത്. ഹരിയാനയിൽ നിന്ന് കൂടുതൽ കടുവകളെ എത്തിക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. മൃഗശാലയിൽ അടുത്തിടെ എത്തിച്ച നൈല സിംഹം പ്രസവിച്ച രണ്ട് കുഞ്ഞുങ്ങളും കഴിഞ്ഞയാഴ്‌ച ചത്തിരുന്നു.