
തിരുവനന്തപുരം: ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന തന്റെ പുതിയ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പൂർത്തിയാക്കിയ ശേഷം നടൻ വിജയ് തലസ്ഥാനത്തു നിന്ന് ചെന്നൈയിലേക്ക് മടങ്ങി. തിങ്കളാഴ്ചയാണ് വിജയ് ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയത്.കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടിംഗ്. ഇന്നലെ വൈകിട്ട് 3ന് ചാർട്ടേഡ് വിമാനത്തിലായിരുന്നു വിജയ‌്‌യുടെ മടക്കം. വിജയ് ഇന്നലെ മടങ്ങുന്നതറിഞ്ഞ് താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിന് മുന്നിൽ രാവിലെ മുതൽ ആരാധകർ തമ്പടിച്ചിരുന്നു. മടങ്ങാൻ നേരം ആരാധകരെ കൈവീശിക്കാണിച്ചു. കേരളത്തിന് നന്ദി പറഞ്ഞ് വിജയ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.എന്റെ അനിയത്തിമാർ, അനിയന്മാർ,ചേട്ടന്മാർ,ചേച്ചിമാർ, അമ്മമാർ... എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് വിജയ് സെൽഫിക്കൊപ്പം കുറിച്ചത്. പോസ്റ്റിന് പിന്നാലെ വീഡിയോയ്ക്ക് ലൈക്കുകളുടെ പ്രവാഹമായിരുന്നു. വിജയ്‌യുടെ എൻ നെഞ്ചിൽ കുടിയിരുക്കും എന്ന പ്രശസ്തമായ ഡയലോഗാണ് നടൻ കാളിദാസ് ജയറാം കമന്റ് ചെയ്തത്. സ്‌മൈലികളായിരുന്നു നടി അനു സിതാരയുടെ കമന്റ്. വിമാനത്താവളത്തിൽ നിന്ന് ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയപ്പോൾ ആരാധകരുടെ തിരക്കുകാരണം വിജയ് സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർന്നിരുന്നു.