
നെടുമങ്ങാട് : പുതുതലമുറ വോട്ടർമാരെ ഒപ്പം കൂട്ടുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് സ്ഥാനാർത്ഥികൾ. കലാലയങ്ങൾ ഒന്നൊഴിയാതെ കയറിയിറങ്ങി കാമ്പസ് ഇലക്ഷന്റെ വീറോടെയാണ് എൽ.ഡി.എഫിലെ വി.ജോയി കന്നി വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നത്.യു.ഡി.എഫിലെ അടൂർ പ്രകാശ് വിദ്യാർത്ഥി-യുവജന-സാംസ്കാരിക സംഘടനാ പ്രവർത്തകരുമായി ബന്ധം ഊട്ടിയുറപ്പിക്കുമ്പോൾ, എൻ.ഡി.എയുടെ വി.മുരളീധരൻ വിദ്യാർത്ഥി - യുവജന സംവാദങ്ങളും പരിശീലന ക്ളാസുകളുമായി മുന്നേറുകയാണ്.പൊതുപ്രവർത്തകൻ മാത്രമല്ല,നല്ലൊരു അദ്ധ്യാപകൻ കൂടിയാണ് താനെന്ന് വി.മുരളീധരൻ ഇന്നലെ തെളിയിച്ചു.കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുത്താണ് അദ്ധ്യാപന മേഖലയിലെ പ്രാഗത്ഭ്യം തെളിയിച്ചത്. വി.ജോയി ഇനി ചുരുക്കം ചില കോളേജുകളേ സന്ദർശിക്കാനുള്ളൂ. 'കാമ്പസിന്റെ ജോയ് അണ്ണൻ' എന്ന ഫ്ലക്സ് ഒട്ടുമിക്ക കോളേജുകളുടെ മുന്നിലും ഉയർന്നു.ഇന്ന് ചിറയിൻകീഴ്, വർക്കല മേഖലയിൽ 'തീരമാകെ ജോയ്" കാമ്പെയിന്റെ ഭാഗമായി പൗരപ്രമുഖരെയും യുവജന സംഘടനാ ഭാരവാഹികളെയും സന്ദർശിക്കും. യു.ഡി.എഫ് അസംബ്ലി മണ്ഡലം, പഞ്ചായത്ത് മേഖല കൺവെൻഷനുകളുടെ തിരക്കിലായിരുന്നു അടൂർ പ്രകാശ്. ഇന്ന് കിഴുവിലം, പാങ്ങോട്, തേമ്പാംമൂട്, അരുവിക്കര, മാറാനല്ലൂർ,വെള്ളല്ലൂർ മേഖല കൺവെൻഷനുകളിൽ പങ്കെടുക്കും.എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഓഫീസ് സന്ദർശനത്തോടെയാണ് വി.മുരളീധരൻ ശനിയാഴ്ച പ്രചാരണം ആരംഭിച്ചത്.താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് മെമ്പറുമായ ജി. മധുസൂദനൻ പിള്ള, വൈസ് പ്രസിഡന്റ് ഡോ.സി എസ്.ഷൈജുമോൻ, സെക്രട്ടറി ജി.അശോക് കുമാർ, വനിതാ സമാജം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെമ്പായം തേക്കട മാടൻനട ശിവ ഭദ്രകാളി ക്ഷേത്രദർശനം നടത്തി പൊങ്കാല മഹോത്സവത്തിലും ആര്യനാട് ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ചയിലും വി.മുരളീധരൻ പങ്കെടുത്തു. അരുവിക്കര നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളുടെ വികസന പ്രശ്‍നങ്ങളും മലയോര - വനമേഖല പ്രദേശങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും ടൂറിസം സാദ്ധ്യതകളും ആര്യനാട്ടെ സംവാദത്തിൽ ഉയർന്നുവന്നു. വൈകിട്ട് മലയിൻകീഴ് നരുവാമൂട്, കാട്ടാക്കട, കരകുളം എന്നിവിടങ്ങളിൽ പദയാത്രകൾക്ക് നേതൃത്വം നൽകി.നരുവാമൂട്ടിൽ മുരളീധരന്റെ പദയാത്രയിൽ മുൻ നാവികസേന ഉദ്യോഗസ്ഥൻ രാഗേഷ് ഗോപകുമാർ പങ്കെടുത്തു.ഖത്തറിൽ രാജ്യദ്രോഹക്കുറ്റത്തിനു തടവിലായിരുന്ന ബാലരാമപുരം സ്വദേശി രാഗേഷ് തന്റെ മോചനത്തിനായി കേന്ദ്രമന്ത്രി ഇടപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി.അടൂർ പ്രകാശിന്റെ നെടുമങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നെടുമങ്ങാട് നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, എസ്.എ. വാഹിദ്, ഇറവൂർ പ്രസന്നകുമാർ, അലികുഞ്ഞ്, വിനോദ് രാജ്, ഉഴമലയ്ക്കൽ ബാബു, സിയാദ് കരിം എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം കമ്മിറ്റി ചെയർമാനായി കല്ലയംസുകുവിനെ തിരഞ്ഞെടുത്തു. അരുവിക്കര നിയോജക മണ്ഡലം കൺവെൻഷൻ എ.എം.ഹസൻ ഉദ്ഘാടനം ചെയ്തു. കുറ്റിച്ചൽ വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.കരകുളം കൃഷ്ണപിള്ള, ബി.ആർ.എം ഷഫീർ, വി.ആർ പ്രതാപൻ, കെ.എസ്.ശബരിനാഥൻ, എസ്.എൽ.പുരം നിസാർ, ജോതിഷ് കുമാർ, ഉബൈസ് ഖാൻ, ഇന്ദുലേഖ, എ.അസീസ്, ലാൽ റോഷിൻ,വിദ്യാസാഗർ, തോട്ടമുക്ക് അൻസാർ എന്നിവർ സംസാരിച്ചു.