
തിരുവനന്തപുരം : മുഖ്യമന്ത്രി അടക്കം എതിർ കക്ഷികളായ കരിമണൽ ഖനന കേസിൽ കോടതിയുടെ നേരിട്ടുള്ള തെളിവെടുപ്പ് ആവശ്യമില്ലെന്നും അന്വേഷണ ഏജൻസിയായ വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നും ഹർജിക്കാരനായ മാത്യു കുഴൽനാടൻ എം.എൽ.എ കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എഴുതി നൽകാൻ ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കോടതി ഏപ്രിൽ നാലിന് വിധി പ്രഖ്യാപിക്കും. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. വി. രാജകുമാരയാണ് കേസ് പരിഗണിച്ചത്.
ക്രിമിനൽ നടപടി ചട്ടം 200 പ്രകാരം ഫയൽ ചെയ്യുന്ന കേസിൽ കോടതിക്ക് നേരിട്ട് ഹർജിക്കാരനിൽ നിന്ന് തെളിവെടുക്കാം. കുറ്റകൃത്യം നടന്നുവെന്ന് കോടതിക്ക് ബോദ്ധ്യമായാൽ കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു വിളിച്ചുവരുത്തി വിചാരണയിലേക്ക് കടക്കാം. അല്ലെങ്കിൽ അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് കേസ് എടുപ്പിക്കാം. കോടതി നേരിട്ട് അന്വേഷണം നടത്തുന്നതാണ് ഏറെ അഭികാമ്യമായി ഭൂരിപക്ഷം ഹർജിക്കാരും കരുതുന്നത്. ഈ അവസരമാണ് ഹർജിക്കാരൻ വേണ്ടെന്നുവച്ചത്. ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ ധാതുമണൽ ഖനനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എം.എൽ. എ ഹർജി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ അടക്കം ഏഴ് പേരാണ് എതിർകക്ഷികൾ.
സി. എം. ആർ.എൽ ഉടമ എസ്. എൻ. ശശിധരൻ കർത്ത, സി. എം.ആർ. എൽ, കെ. എം.എം.എൽ,ഇന്ത്യൻ റെയർ എർത്ത്സ്, എക്സാലോജിക് എന്നിവരാണ് മറ്റ് എതിർകക്ഷികൾ.
റിട്ടയർമെന്റ് ആനുകൂല്യം നൽകിയില്ല
ലോകായുക്ത റിപ്പോർട്ട് ഗവർണർ
ചീഫ് സെക്രട്ടറിക്ക് കൈമാറും
തിരുവനന്തപുരം:കേരള ഓട്ടോമൊബൈൽസിലെ വിരമിച്ച മുഴുവൻ പേർക്കും റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാരിനെതിരെ ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട് ഗവർണർ ചീഫ്സെക്രട്ടറിക്ക് കൈമാറും. നിയമസഭയിൽ വയ്ക്കണമെന്ന് നിർദ്ദേശമുണ്ടാവും. ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ലോകായുക്ത റിപ്പോർട്ട് നൽകിയത്.
കേരളാ ഓട്ടോമൊബൈൽസിൽ നിന്ന് 2015മുതൽ വിരമിച്ച 22 പേരാണ് ലോകായുക്തയെ സമീപിച്ചത്. ഇടക്കാല ഉത്തരവ് പ്രകാരം 50,000 രൂപ വീതം നൽകിയെങ്കിലും ബാക്കി നൽകിയില്ല. ആനുകൂല്യം നൽകേണ്ടത് കമ്പനിയാണെന്നും ബാദ്ധ്യത സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും വ്യവസായ സെക്രട്ടറി ലോകായുക്തയിൽ റിപ്പോർട്ട് നൽകി. നഷ്ടത്തിലാണെന്നും പണമില്ലെന്നും കമ്പനി എം.ഡിയും അറിയിച്ചു. തുടർന്നാണ് ലോകായുക്ത നിയമത്തിലെ 12(7) ചട്ടപ്രകാരം ഗവർണർക്ക് റിപ്പോർട്ട് നൽകിയത്.
ജീവനക്കാരുടെ പരാതികൾ കേട്ടശേഷം ഗവർണർ സ്വന്തം അഭിപ്രായം കൂടി രേഖപ്പെടുത്തി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണമെന്നാണ് ലോകായുക്ത ആവശ്യപ്പെട്ടത്. നിയമസഭ ചർച്ച ചെയ്ത് തീരുമാനമെടുക്കണം. വിരമിച്ച ഓരോരുത്തർക്കും ലക്ഷങ്ങൾ ലഭിക്കാനുണ്ട്. ഹർജി നൽകിയത് 22പേരാണെങ്കിലും നിരവധി പേർക്ക് ആനുകൂല്യം കിട്ടാനുണ്ട്.