road

ചിറയിൻകീഴ്: ചിറയിൻകീഴിലെ യാത്രക്കാർക്ക് ദുരിതപ്പെരുമഴ സമ്മാനിച്ച് ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ സർവീസ് റോഡ് ഉപകരാർ എടുത്ത കോൺട്രാക്ടർ പണി പാതിവഴിയിൽ ഉപേക്ഷിച്ചു.ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തന്നെ ഇഴയുകയാണ്. ഇതിന്റെ ദുരിതങ്ങൾ യാത്രക്കാർ അനുഭവിക്കുന്നതിനിടയിലാണ് സർവീസ് റോഡ് കൂടി നവീകരണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ചത്.മാസങ്ങൾക്ക് മുൻപ് ഏതാനും ദിവസം ജെ.സി.ബി ഉപയോഗിച്ച് സർവീസ് റോഡ് കുഴിച്ചെങ്കിലും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന കാരണത്താൽ ഉപകരാറുകാരൻ പണി ഉപേക്ഷിച്ച മട്ടാണ്.

മാസങ്ങൾക്ക് മുൻപും ഉപകരാറുകാരൻ പണി ഉപേക്ഷിച്ച് പോയപ്പോൾ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സർവീസ് റോഡിലെ കുഴികളിൽ താത്കാലികമായി മണ്ണിട്ട് ഭാഗികമായി ഗതാഗത യോഗ്യമാക്കിയിരുന്നു. പക്ഷേ പൈപ്പ് പൊട്ടിയത് വീണ്ടും ഇവിടം ചെളിക്കളമാക്കി.അതും ഭാഗികമായി പരിഹരിച്ചെങ്കിലും റോഡിന്റെ പല ഭാഗങ്ങളിലും മൂന്നടിയോളമുള്ള കുഴി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തീരാത്തലവേദനയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഈ കുഴികളിൽ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടത്.

സർവീസ് റോഡിന്റെ ശോചനീയാവസ്ഥ ഈ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളെയും വീട്ടുകാരെയും ഏറെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മഴയിൽ കുളമായി

ഇക്കഴിഞ്ഞ മഴയിൽ കുഴികളിൽ വെള്ളം കെട്ടി ചെളിപരുവത്തിലായി. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്നതിനാൽ കാൽനടയാത്ര പോലും ദുസഹമാണ്.ചിറയിൻകീഴ് എക്സൈസ് ഓഫീസ്,സർവീസ് സഹകരണ സംഘം റോഡ് എന്നിവിടങ്ങളിൽ പ്രവേശിക്കാനാവാത്ത അവസ്ഥയിലുമായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഇടപെട്ടാണ് കുഴികളിൽ ജെ.സി.ബി ഉപയോഗിച്ച് മണൽ നിറച്ച് അസൗകര്യങ്ങൾക്ക് താത്കാലിക ശമനമുണ്ടാക്കിയത്.

പൂർത്തിയാകാനുള്ളത്

ഓവർബ്രിഡ്ജ് നിർമ്മാണത്തിൽ പണ്ടകശാല മുതൽ റെയിൽവേ ഗേറ്റ് വരെയുള്ള ഭാഗത്ത് പാലത്തിന്റെ മുകളിലുള്ള കോൺക്രീറ്റ് പണി പൂർത്തിയാക്കാനുണ്ട്. അതുപോലെ റെയിൽവേ ലൈനിന് മുകളിലൂടെ ഗാർഡറുകൾ സ്ഥാപിച്ച് അവയ്ക്ക് മുകളിൽ സ്ലാബിടേണ്ടതുമുണ്ട്.

ഉത്സവമെത്തി

ഏപ്രിൽ 1 മുതൽ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനും മാസങ്ങൾ നീളുന്ന വ്യാപാരമേളയ്ക്കും തുടക്കും കുറിക്കും. ഇതോടെ ചിറയിൻകീഴിലെ തിരക്കും വർദ്ധിക്കും. ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമാണ പ്രവർത്തനങ്ങളുടെ കാലതാമസം ഉത്സവകാലത്തെയും ബാധിക്കും.