
കഴക്കൂട്ടം: കുടിവെള്ള പൈപ്പ് പൊട്ടി കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു, കാർയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ എട്ടോടെ ദേശീയപാതയിൽ കഴക്കൂട്ടം വെട്ടുറോഡ് ജംഗ്ഷനിലായിരുന്നു സംഭവം. ദേശീയപാത നിർമ്മാണത്തിനായാണ് ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ചത്. ഇതിന് സമീപത്ത് വാട്ടർ അതോറിട്ടി പുതിയതായി സ്ഥാപിച്ച പൈപ്പ്‌ലൈനിന്റെ വാൽവ് തുറന്നതോടെ പൊട്ടിയ ഭാഗത്തു നിന്ന് വെള്ളം കുത്തിയൊഴുകി മണ്ണ് കുതിർന്ന് പോസ്റ്റ് മറിയുകയായിരുന്നു. ഈസമയം അതുവഴി വന്ന കാർ പോസ്റ്റ് വീഴുന്നത് കണ്ട് നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി. അവധി ദിവസമായതിനാൽ രാവിലെ വാഹനങ്ങൾ കുറവായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ സർവീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. ബസുകളും മറ്റും കഴക്കൂട്ടത്തുനിന്നും വഴിതിരിച്ചുവിട്ടു. പള്ളിപ്പുറം ക്യാമ്പിലേക്ക് പുതുതായി സ്ഥാപിച്ച 250 ജി.ഐ പൈപ്പും 160 എം.എം പി.വി.സി പൈപ്പുമാണ് പൊട്ടിയത്.
കോൺക്രീറ്റ് ബ്ലോക്കിൽ സ്ഥാപിക്കേണ്ട പോസ്റ്റ് പൂഴിമണലിൽ സ്ഥാപിച്ചതാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി അധികൃതർ രണ്ട് മണിക്കൂറിനു ശേഷം ഇത് മാറ്റാനുള്ള ശ്രമം തുടങ്ങി.