hi

കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി.എസ് ഒന്നാം ക്ലാസിലെ ഇരുപത്തിയഞ്ച് കുട്ടി സാഹിത്യകാരാണ് സ്വന്തമായി രചനയും ചിത്രീകരണവും പൂർത്തിയാക്കിയ കഥകളുമായി പ്രസാദകരെ കാത്തിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളം ഈ വർഷം ഒന്നാംക്ലാസിൽ നടപ്പിലാക്കിയ സചിത്ര പാഠപുസ്തകവും സംയുക്ത ഡയറിയുടെയും ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കുട്ടികൾ സ്വന്തമായി പുസ്തകങ്ങൾ തയ്യാറാക്കിയത്. ചിത്രങ്ങളിലൂടെ ആശയത്തിലേക്ക് എത്തുന്നതാണ് സചിത്ര പാഠപുസ്തക സമീപനം. കുട്ടികൾ എല്ലാവരും സ്വന്തമായി കഥ പറയുന്നതിനും എഴുതുന്നതിനും പ്രാപ്തരാണ്.

വിഭിന്നശേഷിക്കാരനായ ഒരു കുട്ടി കഥാപുസ്തകത്തിന്റെ പുറംചട്ടയ്ക്കാവശ്യമായ ചിത്രങ്ങൾ വരച്ചു നൽകി. വാക്കുകളും വർണങ്ങളും കൊണ്ട് വായനയുടെയും കാഴ്ചയുടെയും വിസ്മയം തീർക്കുകയാണ് കുരുന്നുകൾ. സ്വന്തം ഭാവനയിൽ ഇവർ ഒരുക്കിയ 'ഒന്നിനുമുണ്ട് പറയാൻ' എന്ന സംയുക്ത ഡയറി പ്രകാശനം ചെയ്തു. കുട്ടികളുടെ ഭാവനയിലെ കഥകളുടെയും ചിത്രങ്ങളുടെയും സമാഹാരമാണ് ഈ ഡയറി. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും രചനകൾ അടങ്ങിയ സമ്പൂർണ ഡയറി ആദ്യമായി പുസ്തക രൂപത്തിൽ അച്ചടിച്ചിറക്കിയ ആദ്യ സ്കൂൾ എന്ന ബഹുമതി ഇതോടെ കിളിമാനൂർ ഗവ.എൽ.പി. എസിന് സ്വന്തമായി. ഈ നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത് അദ്ധ്യാപികയായ അൻസി എം. സലിമാണ്. കുട്ടികളുടെ രചനകൾ സമീപത്തെ വായനശാലകളിലേക്ക് നൽകി എല്ലാവർക്കും വായിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുക എന്നതിനാണ് സ്കൂൾ ലക്ഷ്യമിടുന്നത്. ഇതിനായി അവർ പ്രസാദകരെ തേടുകയാണ്. കിളിമാനൂർ ബി.ആർ.സി ഹാളിൽ വച്ച് നടന്ന പുസ്തകപ്രകാശനം കേരളത്തിലെ വിദ്യാഭ്യാസ ഗവേഷകനായ ഡോ.ടി.പി. കലാഥരൻ പ്രഥമദ്ധ്യാപിക ലേഖാകുമാരിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ വി.എസ്. പ്രദീപ്,ബി.പി.സി നവാസ് കെ,​ ട്രെയിനർ വിനോദ് ടി,സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം സൈജ ടീച്ചർ, പി.ടി.എ പ്രസിഡന്റ് സജികുമാർ,രതീഷ് പോങ്ങനാട്,അദ്ധ്യാപകർ ബി.ആർ.സി പ്രവർത്തകർ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.