
തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി, തേൾ, നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ പ്രസ്താവന തോൽവി മുന്നിൽക്കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ.
വംശനാശം നേരിടുന്ന ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ സി.പി.എമ്മിന് ഉചിതമായ ചിഹ്നം തന്നെ. മരപ്പട്ടിയുടെ ആവാസകേന്ദ്രം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളുമാണ്. ലോകമെമ്പാടും വംശനാശം സംഭവിച്ച കമ്മ്യൂണിസം അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും. ബി.ജെ.പി കാരുണ്യത്തിലാണ് സി.പി.എം നിലനിൽക്കുന്നത്. ഇ.പി.ജയരാജന്റെ രാജീവ് ചന്ദ്രശേഖറുമായുള്ള ബിസിനസ് ഡീൽ അതിന്റെ ഭാഗമാണ്.