
ആറ്റിങ്ങൽ: എട്ട് വർഷം മുൻപ് നടത്തിയ ജീവൻ രക്ഷാ പ്രവർത്തിന് അക്ഷയയ്ക്ക് നാട്ടുകാർ ആദരവ് നൽകി. ആറ്റിങ്ങൽ ഇളമ്പ ഡി.എസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. മഴപെയ്ത് നിറഞ്ഞൊഴുകുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ അഭിനന്ദ് (11) പെട്ടെന്ന് തോട്ടിൽ വീഴുകയായിരുന്നു. വെള്ളത്തിനൊപ്പം ഒഴുകിയ അഭിനന്ദിന്റെ തോളിലെ സ്കൂൾബാഗ് മാത്രം വെള്ളത്തിൽ പൊങ്ങിനിന്നു. നിമിഷംപോലും പാഴാക്കാതെ അക്ഷയ സമീപത്തെ വീട്ടിലേക്ക് കയറാനായി നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ മറുവശത്തേക്ക് ഓടിയെത്തി. അഭിനന്ദിന്റെ ബാഗിൽ പിടിച്ചുവലിച്ച് കരയ്ക്കു കയറ്റി. മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെയാണ് നാട്ടുകാർ അക്ഷയയെ ഓർത്തത്. പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അക്ഷയയെ നാട്ടുകാർ ആദരിച്ചു. ഇന്ന് ബി.ഡി.എസ് രണ്ടാംവർഷ വിദ്യാർത്ഥിയാണ് അക്ഷയ. ഇളമ്പ പൂവത്തിൻമൂല കുന്നിൻപുറത്ത് വീട്ടിൽ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് എൻജിനീയറിംഗ് ആദ്യ വർഷ വിദ്യാർത്ഥിയാണ്. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഉപഹാരങ്ങൾ കൈമാറി.