വെഞ്ഞാറമൂട്: കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് മനുഷ്യർ തീർക്കുന്ന ഇലക്ട്രിക് സുരക്ഷാ വേലികളിൽ തട്ടി നിരവധി മനുഷ്യജീവനുകൾ പൊലിയുന്നത് പതിവാകുന്നു. പ്രധാനമായും കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്ന പന്നിയിൽ നിന്ന് രക്ഷ നേടുന്നതിനാണ് ഇത്തരത്തിൽ സുരക്ഷാവേലി തീർക്കുന്നത്.
ഇതിൽ പലപ്പോഴും മൃഗങ്ങൾക്ക് പകരം മനുഷ്യരാണ് അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ ദിവസം രാത്രി മീൻ പിടിക്കാൻ പോയി വന്ന അരുൺ (35) ഇത്തരത്തിൽ മരണപ്പെട്ടതാണ് അവസാന സംഭവം വീടിന് സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതിനിടയിൽ പന്നിക്കായി സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കമ്പി വേലിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് വെഞ്ഞാറമൂട് മൂന്നാനകുഴി കള്ളിക്കാട് വീട്ടിൽ സുരേന്ദ്രൻ ഇത്തരത്തിൽ മരിച്ചിരുന്നു. സമീപത്തുള്ള നാലുപേർ ചേർന്ന് പന്നിയെ വീഴ്ത്തുന്നതിന് വേണ്ടി സ്ഥാപിച്ച എർത്ത് കമ്പിയിൽ തട്ടിയായിരുന്നു മരണം.എന്നാൽ ആദ്യം വീട്ടിൽ നിന്ന് ഷോക്കേറ്റതാണെന്നു പറഞ്ഞു പ്രതികൾ സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം പന്നിയെ വീഴ്ത്താൻ സ്ഥാപിച്ച ഇലക്ട്രിക് കെണിയിൽ നിന്നാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കല്ലറ തറട്ടയിൽ ടി.കെ മന്ദിരത്തിൽ കൃഷ്ണപിള്ളയും ഇത്തരത്തിൽ കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. വീട്ടിലെ കോഴികളെ തെരുവു നായ്ക്കളിൽ നിന്ന് രക്ഷിക്കുന്നതിനായി വീട്ടിൽ സ്ഥാപിച്ച ഇലക്ട്രിക് ലൈനിൽ തട്ടി വെഞ്ഞാറമൂട് സ്വദേശി പൊലീസ് സബ് ഇൻസ്പെക്ടർ ഹർഷകുമാർ മരിച്ചതും നാട്ടുകാർ വേദനയോടെയാണ് ഓർക്കുന്നത്. നിരന്തരം ഇത്തരത്തിൽ അപകടമുണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പും,കെ.എസ്.ഇ.ബിയും ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫെൻസിംഗ് കെണിയിൽ പ്രദേശത്ത് മരിച്ചത് - 4 പേർ
ഫെൻസിംഗ്
ഇരുമ്പ് കമ്പികൾ കൊണ്ടുള്ള വേലി തീർത്ത് അതിലേക്ക് വീടുകളിൽ നിന്ന് വൈദ്യുതി എത്തിച്ച് എർത്ത് കൊടുക്കുന്ന രീതിയാണ് ഇത്.നാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയപ്പോഴാണ് നിയമ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ തിരിഞ്ഞത്.
ഗ്രാമപ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം
എർത്ത് കമ്പി സ്ഥാപിക്കുന്നത് നിയമ വിരുദ്ധം
അതിരാവിലെ ടാപ്പിംഗിനും മറ്റും പോകുന്നവരാണ് അപകടത്തിൽപ്പെടുന്നത്.
ഗ്രാമങ്ങളിൽ കുരങ്ങ്,പന്നി,മയിൽ എന്നിവയുടെ ശല്യം രൂക്ഷം. കാർഷിക വിളകൾ പൂർണമായും നശിപ്പിക്കുന്നു.