തിരുവനന്തപുരം: ഓശാനപെരുന്നാളിൽ വിശ്വാസികൾക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിൽ നിറസാന്നിദ്ധ്യമായി തിരുവനന്തപുരം ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻരവീന്ദ്രൻ കോവളം അസംബ്ളി മണ്ഡലത്തിലാണ് ഇന്നലെ വോട്ടർമാരെ കാണാനെത്തിയത്.

രാവിലെ 9ന് കല്ലിയൂരിൽ നിന്നാരംഭിച്ച പര്യടനം ബാലരാമപുരം, കോട്ടുകാൽ, വെങ്ങാനൂർ, വിഴിഞ്ഞം, കാഞ്ഞിരംകുളം, കരുങ്കുളം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പൂവാറിൽ സമാപിച്ചു. കാക്കാമൂല, ആലുവിള എന്നിവിടങ്ങളിലെ സി.എസ്.ഐ പള്ളിയിലും പന്ന്യൻ എത്തി. വിശ്വാസികൾ അദ്ദേഹത്തിന് കുരുത്തോല നൽകി. അവിടങ്ങളിൽ അല്പസമയം ചെലവിട്ട ശേഷം അടുത്ത സ്ഥലത്തേക്ക് പോയി.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശിതരൂർ രാവിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെത്തി വിശ്വാസികളോടൊപ്പം കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് സ്‌പെൻസർ ജംഗ്ഷനിലെ ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിലെത്തിയ അദ്ദേഹത്തെ വിശ്വാസികൾ സ്വീകരിച്ചു. അവരുമായി കുശലാന്വേഷണം നടത്താനും തരൂർ മറന്നില്ല. പുന്നൻ റോഡിലെ ജേക്കബ്ബൈറ്റ് പള്ളിയിലും അദ്ദേഹമെത്തി.

പി.എം.ജിയിലെ ലൂർദ് പള്ളിയിലെത്തിയപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ്ചന്ദ്രശേഖറും സന്നിഹിതനായിരുന്നു. ഇരുവരേയും ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് തോമസ് തറയിയിൽ സ്വീകരിച്ചു. സ്ഥാനാർത്ഥികൾ അവിടെ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. ജില്ലയിൽ ചങ്ങനാശ്ശേരി അതിരൂപത യുവജന സംഘം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ ബിഷപ്പ് വിശദീകരിച്ചു.

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ബിഷപ്പ് സ്ഥാനാർത്ഥികളെ ഓർമ്മിപ്പിച്ചു. ദീർഘ വീഷണത്തോടെയുള്ള പദ്ധതികളാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കരമന മാത അമൃതാനന്ദമയി മഠം സംഘടിപ്പിച്ച വിഷുത്തൈ നീട്ടം പരിപാടിയിൽ അതിഥിയായി എത്തിയ രാജീവ് ചന്ദ്രശേഖർ തെച്ചിത്തൈ നട്ടു. മഠാധിപതി ശിവാമൃതപുരി അദ്ദേഹത്തെ സ്വീകരിച്ചു.