tipper
tipper

തിരുവനന്തപുരം: ഇടിവെട്ടിയപോലെ മനുഷ്യജീവനെടുത്തും പരിക്കേൽപ്പിച്ചും പലതരം ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.

ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും വിദഗ്ധർ അടങ്ങിയ പരീശീലകരുടെ പാനലിനും പദ്ധതിക്കും ഉടൻ രൂപം നൽകുമെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ഇതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന വിമർശനം ശക്തമാണ്. ഓവർ ലോഡുമായി റോഡിലിറങ്ങാൻ പറ്റില്ലെന്നും അമിതവേഗം സാദ്ധ്യമല്ലെന്നും ബോദ്ധ്യമായാലേ പൊതുജനത്തിന്റെ ജീവന് സുരക്ഷ ഉറപ്പാക്കാൻ കഴിയൂ.

ക്വാറികളിൽ നിന്ന് പാറ ടിപ്പറുകളിൽ കയറ്റുമ്പോൾ നിയമാനുസൃതമായ തൂക്കത്തിൽ കൂടുതൽ കയറ്റിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് ജിയോളജി വകുപ്പാണ്. അവർ അതു ചെയ്യാറില്ലെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരാതി. സർക്കാരിലേക്ക് ക്വാറിയിൽ നിന്ന് റോയൽറ്റി പിരിക്കുന്നത് ലോഡിന്റെ അടിസ്ഥാനത്തിലാണ്. അമിത ലോഡ് കയറ്റുന്നതിലൂടെ റോയൽറ്റി വെട്ടിപ്പിനും ജിയോജളി വകുപ്പ് കൂട്ടുനിൽക്കുകയാണെന്ന് ആരോപണമുണ്ട്. ക്വാറികളിൽ അളവ് തൂക്ക ഉപകരണവുമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ജിയോളജി വകുപ്പിന് മോട്ടോർ വാഹന വകുപ്പ് ഉടൻ കത്ത് നൽകും.

പ്രശ്നവും പരിപാരവും

അമിതലോഡുമായി പോകുന്ന വാഹനങ്ങളെ തടഞ്ഞ് ലോഡിറക്കിയിട്ട് വാഹനം മാത്രം വിട്ടുകൊടുക്കുകയെന്നാണ് ചട്ടം. എന്നാൽ, ലോഡിറക്കി റോഡരികിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് ന്യായം പറഞ്ഞ് പിഴ ചുമത്തി അതേ ലോ‌ഡുമായി പോകാൻ അനുവദിക്കും. വാഹനം അടക്കം പിടിച്ചിടുന്നതരത്തിൽ നിയമത്തിൽ മാറ്റം വരുത്തിയാലേ ഇവരെ നിയന്ത്രിക്കാനാവൂ.

ലൈസൻസ് റദ്ദാക്കുന്നില്ല

വാഹനത്തിൽ ലോഡ് കയറ്റുന്നതു മുതൽ ലോഡ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുവരെയുള്ള ഉത്തവാദിത്വം ഡ്രൈവർക്കാണ്.ലോഡ് കയറ്റുമ്പോൾ അനുവദനീയമായ അളവിൽ കൂടിയിട്ടില്ലെന്നും സുരക്ഷിതമാണെന്നും ഡ്രൈവർ ഉറപ്പാക്കണം. നിയമം ആവർത്തിച്ച് ലംഘിക്കുന്നവരുടെ ലൈസൻസ് സസ്പെൻൻഡ് ചെയ്യണമെന്നാണ് ചട്ടം. പക്ഷേ, ഇതുവരെ ചെയ്തിട്ടില്ല

കോഴയും ടാർജറ്റും

ഓരോ മാസവും ടാർജറ്റ് നിശ്ചയിച്ച് വാഹന പരിശോധനയ്ക്ക് ഇറങ്ങുന്ന പൊലീസും എം.വി.ഡിയും ഓരോ ലോഡും കടന്നുപോകുമ്പോഴും കണ്ണടച്ച് ചിരിക്കും. ചിലതിന് പിഴ ചുമത്തും. നമുക്ക് കിട്ടാനുള്ളതും സർക്കാരിന് കിട്ടേണ്ടതും ഭദ്രം! ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ചുമതല മറക്കും. പരസ്യമായ രഹസ്യമാണിത്. നിശ്ചിത അളവിൽ കൂടിയാൽ മിനിമം 10,000 രൂപയാണ് പിഴ. പിന്നെ കൂടുന്ന ഓരോ ടണ്ണിനും 1500 രൂപ വീതം ഈടാക്കണം.

''ഇനിയും അപകടങ്ങൾ ഉണ്ടാകുന്നത് കണ്ടുനിൽക്കാനാകില്ല. കർശനമായ നടപടികൾ കൈക്കൊള്ളും''

- കെ.ബി.ഗണേശ്‌കുമാർ,

ഗതാഗതമന്ത്രി