general

ബാലരാമപുരം: ഓശാന ഞായറിൽ വൈദികസമൂഹത്തോടും വിശ്വാസികളോടും ഒപ്പംകൂടി സ്ഥാനാർത്ഥികൾ. ഞായറാഴ്ച കുർബാനകളിലും പ്രാർത്ഥനകളിലും സ്ഥാനാർത്ഥികൾ പങ്കെടുത്തു. വൈദികരെ നേരിൽക്കണ്ട് തിരഞ്ഞെടുപ്പ് സാഹചര്യം വിലിയിരുത്തിയാണ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥന നടത്തിയത്. ഒപ്പം പാർട്ടിപ്രവർത്തകരുടെ വീടുകളും സന്ദർശിച്ചു. ചൂടിന്റെ കാഠിന്യം കൂടിയതോടെ പ്രവർത്തകരുടെ വീടുകൾ വിശ്രമകേന്ദ്രങ്ങളായി. എന്നാൽ ചൂടിനെ അതിജീവിച്ചും സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ കഴിഞ്ഞ ദിവസവും സജീവമായി.

 ഇടത് വലത് മുന്നണികൾ നുണ
പ്രചരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ

കേന്ദ്രത്തിനെതിരെ നുണപ്രചരണം പടച്ചുവിടുന്ന മുന്നണികളായി ഇടതും വലതും മാറിയെന്ന് രാജീവ് ചന്ദ്രശേഖർ. 10 വർഷം മുമ്പത്തെയും ഇപ്പോഴത്തെയും ഇന്ത്യയെ ലോകം ആശ്ചര്യത്തോടെ ഉറ്റുനോക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനുള്ള നീക്കത്തിനാണ് ഇടതും വലതും മത്സരിക്കുന്നതെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഓശാന ഞായറിനെ തുടർന്ന് ക്രിസ്ത്യൻ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. വൈദികരെ നേരിൽ സന്ദർശിക്കുകയും വിശ്വാസികളടക്കമുള്ളവരോട് വോട്ടഭ്യർത്ഥിച്ചുമാണ് ചന്ദ്രശേഖർ മടങ്ങിയത്.

 കോവളം മണ്ഡലത്തിൽ പന്ന്യൻ

ഓശാന ഞായറിൽ വൈദിക വിശ്വാസിസമൂഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പര്യടനവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. പള്ളികളിലെ പ്രാർത്ഥനാ ചടങ്ങുകളിലും പങ്കെടുത്തു. കോവളം മണ്ഡലത്തിൽ ബാലരാമപുരം,​ കോട്ടുകാൽ,​ വെങ്ങാനൂർ,​ വിഴിഞ്ഞം,​ കാഞ്ഞിരംകുളം,​ കരുങ്കുളം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. ബാലരാമപുരം ആലുവിള,​ വില്ലിക്കുളം, വിഴിഞ്ഞം,​ കല്ലിയൂർ,​​ കാക്കാമ്മൂല എന്നിവിടങ്ങളിലെ പള്ളികളും സന്ദർശിച്ചു. ബാലരാമപുരത്ത് സി.പി.എം നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ,​ കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ,​ സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ,​ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഴകി മഹേഷ്,​ മോഹനൻ നായർ,​ മെമ്പർ അനിതകുമാരി എന്നിവർ ഉപ്പമുണ്ടായിരുന്നു. കല്ലിയൂരിൽ നടന്ന പര്യടനത്തിൽ സി.എസ്. രാധാകൃഷ്ണൻ,​ കല്ലിയൂർ രാജു,​ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീരാജ്.​ ജി,​ വസുന്ധരൻ,​ സുരേഷ് ഉപനിയൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

 ജനങ്ങൾ കോൺഗ്രസിനൊപ്പം: ശശി തരൂർ

മതേതര ജനാധിപത്യം പുന:സ്ഥാപിക്കാൻ ജനങ്ങളിനി കോൺഗ്രസിനെയാണ് ഉറ്റുനോക്കുന്നതെന്നും ഇ.ഡി വലയത്തിൽ ഭീഷണിപ്പെടുത്തി വോട്ടുതട്ടാനാണ് എൻ.ഡി.എയുടെ നീക്കമെന്നും തരൂർ പറഞ്ഞു. എല്ലാ കാലത്തും ജനത്തിന്റെ പിന്തുണ ബി.ജെ.പിക്ക് ലഭിക്കില്ലെന്നുമാണ് തരൂരിന്റെ നിലപാട്. പള്ളികൾ സന്ദർശിച്ച് സഭാ അദ്ധ്യക്ഷൻമാരേയും വൈദികരേയും നേരിൽ കണ്ട് കഴിഞ്ഞ ദിവസം ശശി തരൂർ വോട്ടഭ്യർത്ഥിച്ചു.