
കിളിമാനൂർ: എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. വെള്ളല്ലൂർ, മാത്തയിൽ, ഉദയഗിരി വീട്ടിൽ ജോൺസൻ (54) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 10ഓടെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി വിജനമായ സ്ഥലത്തുവച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ട്യൂഷൻ സെന്ററിന് സമീപം പെൺകുട്ടിയെ ഇറക്കിവിട്ട ശേഷം പ്രതി കടന്നു കളഞ്ഞു. ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനോട് കുട്ടി വിവരം ധരിപ്പിക്കുകയും തുടർന്ന് രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. രക്ഷിതാക്കൾ കിളിമാനൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജികൃഷ്ണ, ഷാനവാസ്, താഹിറുദ്ദീൻ സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത ഇയാളെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.