
തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയപരിധി കേരളത്തിൽ ഇന്ന് അവസാനിക്കും.
18 വയസ് തികഞ്ഞവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയോ, വോട്ടർ ഹെൽപ് ലൈൻ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ പേര് ചേർക്കാം.
കമ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ voters.eci.gov.in/signup എന്ന ലിങ്കിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്യണം. ഇംഗ്ലീഷിലോ മലയാളത്തിലോ പൂരിപ്പിക്കാം.
ന്യൂ രജിസ്‌ട്രേഷൻ ഫോർ ജനറൽ ഇലക്ടേഴ്സ് എന്ന ഒപ്ഷൻ തുറന്ന് (പുതുതായി ചേർക്കുന്നവർക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭ മണ്ഡലങ്ങൾ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇ മെയിൽ ഐ.ഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകി പാസ്‌പോർട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യണം. ആധാർ കാർഡ് ലഭ്യമല്ലെങ്കിൽ മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യണം. പരിശോധനയ്ക്കുശേഷം പേര് ഉൾപ്പെടുത്തും.