
പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവത്തിന് ഇന്ന് സമാപനം. പാലോട് കുശവൂരിൽ നിന്നായിരിക്കും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കുക. രാവിലെ 7ന് നടതുറക്കൽ,തൃക്കണി ദർശനം,അഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, 12.30ന് ആനയൂട്ട്, 2.30ന് ആനപ്പുറത്തെഴുന്നള്ളത്ത്. മേൽശാന്തി വിശേഷാൽ പൂജകൾ നടത്തി ഭഗവാനെ ആനപ്പുറത്തേറ്റി നിറപറയെടുപ്പിന് തുടക്കം കുറിക്കും. പഞ്ചവാദ്യം,കതിരുകാള,കുംഭ ഡാൻസ്, നാദസ്വരം തുടങ്ങിയവ അകമ്പടി സേവിക്കും. വൈകിട്ട് 6 മുതൽ സാംസ്‌കാരിക ഘോഷയാത്ര. നിരവധി കെട്ടുകാഴ്ചകൾ,ശിങ്കാരിമേളങ്ങൾ,ബാന്റ് മേളം,തെയ്യം പൂക്കാവടി തുടങ്ങിയവ ഉൾപ്പെടുത്തി നാനൂറിലധികം കലാകാരൻമാർ ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര പാലോട്,ആറ്റുകടവ്,പ്ലാവറ,നന്ദിയോട്,ആലുംമൂട്,പച്ച ജംഗ്ഷൻ തിരിച്ച് നന്ദിയോട് പയറ്റടി വഴി ക്ഷേത്രത്തിലെത്തി ചേരും. 6ന് വിളക്കും,വിശേഷാൽ പൂജയും,രാത്രി 8ന് സ്വരസാഗര പൈങ്കുനി രാവ് മെഗാഷോ. രാത്രി 11ന് ആറാട്ട്,കൊടിയിറക്ക്. ക്ഷേത്രവും അഞ്ചു കിലോമീറ്റർ പ്രദേശവും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്. കളക്ടർ ഈ പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.