തിരുവനന്തപുരം: സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് വിപുലമായ ചടങ്ങുകളോടെ നഗരത്തിലെ പള്ളികളിൽ ഓശാന ഞായർ ആചരിച്ചു. ഇന്നലെ കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ആരാധനാലയങ്ങളിലും പ്രാർത്ഥന നടത്തി. പി.എം.ജി ലൂർദ് ഫെറോന പള്ളിയിൽ രാവിലെ 5.30ന് വിശുദ്ധ കുർബാനയോടെ ചടങ്ങുകൾ ആരംഭിച്ചു. 7ന് തിരുകർമ്മങ്ങൾ നടന്നു.

ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കുരുത്തോല വെഞ്ചെരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു. പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ രാവിലെ 7ന് പൊന്തിഫിക്കൽ ദിവ്യബലിയും കുരുത്തോല വെഞ്ചെരിപ്പും നടത്തി. രാവിലെ 5.45നും വൈകിട്ട് 5നും വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയുമുണ്ടായിരുന്നു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ രാവിലെ 6.30ന് ഓശാനയുടെ തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലവാഴ്‌വിന്റെ ശുശ്രൂഷ, പ്രദക്ഷിണം,വിശുദ്ധ കുർബാന എന്നീ കർമ്മങ്ങൾ നടന്നു. വൈകിട്ട് 5ന് വിശുദ്ധ കുർബാനയുമുണ്ടായിരുന്നു.

പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ രാവിലെ 6.30ന് പ്രഭാത നമസ്‌കാരത്തോടെ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിച്ചു. പ്രഭാത നമസ്‌കാരം,കുരുത്തോല വാഴ്വിന്റെ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നീ ചടങ്ങുകൾക്ക് ബസിലിക്ക റെക്ടർ ഫാദർ ജോൺ കുറ്റിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. വൈകിട്ട് 6നായിരുന്നു സന്ധ്യാനമസ്കാരം. വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമ ദേവാലയത്തിൽ തിരുകർമ്മങ്ങൾ രാവിലെ 6.30ന് ആരംഭിച്ചു. കുരുത്തോല വെഞ്ചെരിപ്പ്,പ്രദക്ഷിണം,ആഘോഷമായ ദിവ്യബലി എന്നിവയുണ്ടായിരുന്നു. രാവിലെ 8.30നും 11നും ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 4നും 5.30നും 7നും വിശുദ്ധ കുർബാന നടന്നു. പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് സിറിയൻ കത്തീഡ്രലിൽ ഓശാനയുടെ തിരുകർമ്മങ്ങൾ രാവിലെ 6.15ന് ആരംഭിച്ചു.