
നെടുമങ്ങാട്: ഔദ്യോഗിക വാഹനമില്ലാതെ ക്ലേശിച്ച നെടുമങ്ങാട് താലൂക്ക് ഓഫീസ് ജീവനക്കാർക്ക് ആശ്വാസമായി ജില്ലാ ഭരണകൂടം പുതിയ വാഹനം അനുവദിച്ചു. പഴകിയ വാഹനങ്ങൾ നിരത്തിൽ ഇറക്കരുതെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റ അടിസ്ഥാനത്തിൽ പിൻവലിച്ച രണ്ടു വാഹനങ്ങൾക്ക് പകരം ബൊലേറോ ജീപ്പാണ് അനുവദിച്ചത്. തഹസിൽദാർ ഉപയോഗിച്ചിരുന്ന ജീപ്പും ആർ. ആറിന്റെ കാറും കണ്ടം ചെയ്യാൻ ഷെഡിൽ ഒതുക്കിയതോടെ, അടിയന്തര ഘട്ടങ്ങളിൽ വില്ലേജുകളിൽ ഓടിയെത്താൻ കഴിയാതെ ജീവനക്കാർ ദുരിതത്തിലായിരുന്നു. അപേക്ഷകളിൽ യഥാസമയം പരിഹാരമില്ലാത്ത പൊതുജനങ്ങളും വലഞ്ഞു. ഇതുസംബന്ധിച്ച് കഴിഞ്ഞ നവംബർ 14 ന് ''കട്ടപ്പുറമേറി സർക്കാർ വാഹനം" എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ.ജി.ആർ.അനിൽ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി ലാൻഡ് റവന്യു വിഭാഗത്തിനാണ് പുതിയതായി വാഹനം ലഭ്യമാക്കിയത്. പ്രതിദിനം നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ച് നൽകേണ്ട വില്ലേജ് ഓഫീസുകൾക്കും വാഹനമനുവദിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ വില്ലേജുകൾക്കായി ഒരു ഇലക്‌ട്രിക് വാഹനം നൽകാൻ നടപടിയെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കാൻ ഇനിയും വൈകരുതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.