തിരുവനന്തപുരം: കേബിളുകൾ അലക്ഷ്യമായി പോസ്റ്റുകളിൽ കെട്ടിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവമുണ്ടായിട്ടും നഗരത്തിലെ കേബിളുകൾ പരിശോധിക്കാനോ അപകടാവസ്ഥയിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കാനോ നടപടി ഉണ്ടാകുന്നില്ല.
സെക്രട്ടേറിയറ്റിന് മുന്നിലടക്കം നിരവധി പോസ്റ്റുകളിലാണ് യാതൊരു ശ്രദ്ധയുമില്ലാതെ അലക്ഷ്യമായി കേബിളുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകളിൽ ടാഗ് ചെയ്യാത്തവ നീക്കം ചെയ്യുമെന്ന് അടുത്തിടെ വൈദ്യുതി ബോർഡ് അറിയിച്ചിരുന്നു. എന്നാൽ നഗര പരിധിക്കപ്പുറം പലയിടങ്ങളിലും കേബിളുകൾ അപകടകരമായ വിധം താഴ്ന്നു കിടക്കുകയാണ്.
തടികയറ്റിയതോ വൈക്കോൽ കൊണ്ടുവരുന്നതോ ആയ ലോറികളിൽ ഉടക്കി പലപ്പോഴും ഇത്തരം കേബിളുകൾ പൊട്ടി വീഴുകയും അപകടം ഉണ്ടാകുകയും ചെയ്യാറുണ്ട്. എന്നാൽ ആളപായം ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരം കാര്യങ്ങൾ ചർച്ചയാകുന്നത്.