നെയ്യാറ്റിൻകര: ബി.ജെ.പി തീരദേശ മേഖലയിൽ നുണപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ഡോ.ശശി തരൂർ എം.പി നെയ്യാറ്റിൻകര നെയ്യാർ റെസിഡെൻസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി പൊഴിയൂർ സന്ദർശിച്ചപ്പോൾ തീരദേശ വാസികളുടെ ദുരിതം കേട്ടറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പരിഹാരമുണ്ടാക്കിയെന്ന് നുണപ്രചാരണം നടത്തുകയാണ്.
പൊഴിയൂരിലെ പുലിമുട്ട് നിർമ്മാണം സംസ്ഥാന വിഷയമാണെന്ന് പറഞ്ഞുകൈയൊഴിഞ്ഞവരാണ് വ്യാജ അവകാശവാദവുമായി എത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരും കേരള സർക്കാരും നിർദ്ദയം കൈയൊഴിഞ്ഞ പൊഴിയൂരിലെ കടൽക്ഷോഭ പരിഹാരത്തിനായി പരിമിതമായ എം പി ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ അനുവദിച്ച് നിർമ്മാണം നടത്തിയ കാര്യവും ശശി തരൂർ ഓർമ്മിപ്പിച്ചു. എം.പി ഫണ്ട് ഉപയോഗിച്ച് പരമാവധി ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.