
തിരുവനന്തപുരം: ഇൻസ്റ്റിട്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) തിരുവനന്തപുരം ബ്രാഞ്ച് ദക്ഷിണേന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്രുഡന്റ്സ് അസോസിയേഷന്റെ (സികാസ) ഇൻസ്റ്റലേഷൻ ചടങ്ങ് തൈയ്ക്കാട് ഐ.സി.എ.ഐ ഭവനിൽ നടന്നു. ചടങ്ങ് ജില്ലാ വികസന കമ്മിഷണറും സബ് കളക്ടറുമായ ഡോ. അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഡിറ്റ് സെമിനാറിന് പ്രഭാഷകരായ അഭിജിത്ത് പ്രേമൻ, ജിന്റു ജോർജ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. 200ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ബാങ്ക് ചെയർപേഴ്സൺ രമ ശർമ്മ.എൻ, സികാസ ചെയർപേഴ്സൺ ജൂലി.ജി.വർഗീസ്, വൈസ് ചെയർപേഴ്സൺ അർജുൻ.എസ്.പ്രഭു, സെക്രട്ടറി ജ്യോതിക അനിൽ, മുൻ ബ്രാഞ്ച് ചെയർപേഴ്സൺ രാമകൃഷ്ണൻ.എച്ച്, ശ്രീവിദ്യ.സി എന്നിവർ പങ്കെടുത്തു.
ബാർട്ടോസാറ്റ് ഉപഗ്രഹം:
ധാരണാപത്രം നാളെ ഒപ്പിടും
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന 'ബാർട്ടോസാറ്റ്' എന്ന കുഞ്ഞൻ ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഓൺബോർഡ് കമ്പ്യൂട്ടർ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം നാളെ ഒപ്പിടും. ടെക്നോപാർക്കിലെ ഓസ്ട്രേലിയൻ സ്പെയ്സ് കമ്പനിയായ 'ഹെക്സ് 20'യുമായാണ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പിടുന്നത്.
ബഹിരാകാശ ദൃശ്യങ്ങൾ പകർത്തി അയയ്ക്കാൻ ലോറ (ലോംഗ് റേഞ്ച് ടെക്നോളജി) എന്ന വയർലെസ് സാങ്കേതിക വിദ്യയാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഐ.ടി, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ 40 വിദ്യാർത്ഥികളാണ് ഉപഗ്രഹം നിർമ്മിക്കുന്നത്. കുറഞ്ഞ ഊർജത്തിലും ചെലവിലും ബഹിരാകാശ ദൃശ്യങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുകയാണ് ലക്ഷ്യം. രൂപരേഖ തയ്യാറാക്കലടക്കം അവസാന ഘട്ടത്തിലെത്തി. അടുത്തവർഷം ആദ്യം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരെയാവും ഉപഗ്രഹം ഐ.എസ്.ആർ.ഒ വിക്ഷേപിക്കുക.