
നെടുമങ്ങാട്: പള്ളിമണി മുഴങ്ങും മുമ്പേ സ്ഥാനാർത്ഥികൾ ദേവാലയങ്ങളിൽ ഹാജരായി. ഉയിർപ്പിന് മുന്നേയുള്ള പീഡാനുഭവ വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ വിശ്വാസികൾക്കൊപ്പം പങ്കുചേർന്നു. കുരുത്തോല പ്രദക്ഷിണങ്ങളിൽ വിശ്വാസികൾക്കൊപ്പം നടന്നു.
പുരോഹിതരെ സന്ദർശിച്ച് പ്രാർത്ഥന സഹായം തേടി. കേന്ദ്രമന്ത്രി വി.മുരളീധരൻ ജനവിധി തേടുന്നത് ആറ്റിങ്ങലിൽ നിന്നാണെങ്കിലും രാവിലെ തലസ്ഥാന നഗരിയിലെ പള്ളികളാണ് സന്ദർശിച്ചത്. താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആരംഭിച്ച പത്മ കഫേയ്ക്ക് ആശംസകൾ നേരാൻ നഗരത്തിലെത്തിയ അദ്ദേഹം ഓശാന പ്രാർത്ഥനകളിൽ പങ്കെടുത്ത് മടങ്ങുന്ന വിശ്വാസികളുടെ അരികിലെത്തി സ്നേഹം പങ്കിട്ടു. അനന്തപുരിയുടെ രുചിയടമായി നിലകൊള്ളുന്ന ട്രിവാൻഡ്രം ഹോട്ടലും സന്ദർശിച്ചു. ഇടത് സ്ഥാനാർത്ഥി വി.ജോയി ഹരിഹരപുരം കത്തോലിക്ക ദേവാലയത്തിലും വർക്കലയിലെ തീരദേശ മത്സ്യതൊഴിലാളി വീടുകളിലുമെത്തി വിശ്വാസികൾക്കൊപ്പം അണിചേർന്നാണ് പ്രചാരണം ആരംഭിച്ചത്. പ്രായം ചെന്ന അമ്മമാർ പ്രാർത്ഥന കഴിഞ്ഞ് ജോയിയുടെ അരികിലെത്തി അനുഗ്രഹം ചൊരിഞ്ഞത് ശ്രദ്ധേയമായി. കോരാണിയിലെ പുകയിലത്തോപ്പിലെത്തിയ വി.മുരളീധരനും കോളനിയിലെ അമ്മമാരുടെ അനുഗ്രഹവർഷം ലഭിച്ചു. വാറുവിളകം ദേവീക്ഷേത്രം,നെടുമങ്ങാട് പാങ്കോട് ശ്രീധർമ്മശാസ്താക്ഷേത്രം,നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ സമൂഹസദ്യയിലും മുരളീധരൻ സജീവ സാന്നിദ്ധ്യമായിരുന്നു. ചിറയിൻകീഴിലെ ദേവാലയങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഓശാനപ്പെരുന്നാൾ ആശംസകളുമായെത്തിയത്. അടൂർ പ്രകാശിന്റെ പാർലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 26ന് രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
ആറ്റിങ്ങൽ എൽ.ഐ.സിക്ക് എതിർവശത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സജ്ജമായത്. കിഴുവിലം,ഇടവ,ഒറ്റുർ,വെള്ളല്ലൂർ,മണനാക്ക് മണ്ഡലം കൺവെൻഷനുകളുടെ ഉദ്‌ഘാടനം അടൂർ പ്രകാശ് നിർവഹിച്ചു. വർക്കല കഹാർ,ധനപാലൻ,ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ വെഞ്ഞാറമൂട്ടിൽ മുൻ എം.പി തലേക്കുന്നിൽ ബഷീർ അനുസ്മരണത്തിലും അണ്ടൂർക്കോണം മണ്ഡലം കൺവെൻഷനിലും വൈകിട്ട് വർക്കല കൺവെൻഷനിലും പങ്കെടുക്കും. ഡി.സി.സി നേതൃയോഗത്തിലും എത്തിച്ചേരും. ആദിവാസി സങ്കേതങ്ങളിൽ താൻ നടത്തിയ സന്ദർശനത്തിന്റെ അനുഭവക്കുറിപ്പുകൾ വി.ജോയി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത് അണികൾ ആഘോഷമാക്കി. കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഇടവ അജീർ,അബ്ദുൽ ഖരീം,നിസാബു എന്നിവരെ സ്ഥാനാർത്ഥി സ്വീകരിച്ചു .ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിൽ പൗരപ്രമുഖരെ നേരിൽക്കാണും.
ആദിവാസികളോടും സ്ത്രീകളോടും
അസഹിഷ്ണുത : മുരളീധരൻ
നെടുമങ്ങാട് : രാഷ്ട്രപതിയെ സി.പി.എം വിചാരണയ്ക്ക് വിധേയമാക്കുന്നതിൽ അദ്ഭുതമില്ലെന്ന് മന്ത്രി വി.മുരളീധരൻ. ദേശീയ ജനാധിപത്യ സഖ്യം ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ തന്നെ സി.പി.എം എതിർത്തിരുന്നു. ആദിവാസികളോടും സ്ത്രീകളോടുമുള്ള സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ കേസിന് പിന്നിൽ. ചരിത്രത്തിൽ ആദ്യമായല്ല രാഷ്ട്രപതി ബില്ലുകൾ തടഞ്ഞുവയ്‌ക്കുന്നതെന്നും ആരും രാഷ്ട്രപതിഭവനെ കോടതി കയറ്റാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരിയമ്മയുടെ പേര് പറഞ്ഞ് വോട്ടുപിടിച്ചിട്ട്,വനിതാമുഖ്യമന്ത്രി വേണ്ട,പുരുഷൻ മതിയെന്ന നിലപാട് സ്വീകരിച്ചവരാണ്. ആദിവാസി ക്ഷേമത്തിനുള്ള കേന്ദ്ര ഫണ്ട് തിരിമറി നടത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്നവർക്ക് സംരക്ഷണം നൽകിയവരാണ് സി.പി.എമ്മെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.