ramesh-nisha

വിഴിഞ്ഞം: ദീർഘകാലത്തെ പ്രണയം, എന്നാൽ വിവാഹത്തിനുള്ള സാഹചര്യമില്ലാത്തതിനാൽ അത് സ്വപ്നമായി അവശേഷിച്ചു. അങ്ങനെയുള്ള നിരവധി പേരാണ് ഇന്ന് പൗർണമിക്കാവിലെ ആദിവാസി സമൂഹവിവാഹത്തിൽ ഒന്നാകുന്നത്. ഓരോരുത്തർക്കും പറയാൻ വ്യത്യസ്തങ്ങളായ പ്രണയസാഫല്യത്തിന്റെ കഥകളുണ്ട്. അട്ടപ്പാടിയിലെ രാകേഷ്-സന്ധ്യ, രമേഷ് -നിഷ എന്നിവർക്കും അവരുടെ കഥ പറയാനുണ്ട്.

മൂന്നുവർഷത്തെ പ്രണയത്തിനൊടുവിലാണ് രാകേഷും (21) സന്ധ്യയും(19) ഒന്നാകുന്നത്. ഊരിലെ എസ്‌.സി പ്രമോട്ടർ വഴിയാണ് തിരുവനന്തപുരത്തെ പൗർണമിക്കാവിൽ ആദിവാസി സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചതായി രാകേഷിന്റെയും സന്ധ്യയുടെയും വീട്ടുകാർ അറിഞ്ഞത്. പിന്നെ വൈകാതെ അപേക്ഷിച്ചു. ഒടുവിൽ ഇരുവരുടെയും ആഗ്രഹം ഇന്ന് നിറവേറും. കുട്ടിക്കളിയും ഇടയ്ക്ക് ജോലിയുമായി നടന്ന രാകേഷ് ഊരിലേക്ക് മടങ്ങിയാൽ ഉടൻ കൃത്യമായി ജോലിക്കുപോയി കുടുംബം പോറ്റണമെന്ന തീരുമാനത്തിലാണ്.

ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നതിന്റെ ത്രില്ലിലാണ് അട്ടപ്പാടിയിലെ തന്നെ ലാബ് ടെക്‌നീഷ്യൻ വിദ്യാർത്ഥിനി നിഷയും കൂലിപ്പണിക്കാരനായ രമേഷും. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ ഒന്നിക്കുന്നത്. കർണ്ണാടക,തമിഴ്‌നാട്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിൽ നിന്നുള്ളവരും ഇന്ന് പൗർണമിക്കാവിൽ വിവാഹിതരാകും. ഇന്നലെ വൈകിട്ടോടെ തലസ്ഥാനത്തെത്തിയ നവ വധൂവരന്മാർ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉൾപ്പെടെ ദർശനം നടത്തി അനുഗ്രഹം വാങ്ങിയാണ് പൗർണമിക്കാവിലെത്തിയത്. 216 പേരാണ് ഇന്ന് പൗർണമിക്കാവിൽ വിവാഹിതരാകുന്നത്. ആയിരത്തിലധികം അപേക്ഷകർ ഇനിയും പൗർണമിക്കാവിന് അധൃകതർക്ക് ലഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ അവരുടെയും വിവാഹം നടത്താനാണ് തീരുമാനം.