
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ മാസപ്പടി വാങ്ങി ബാറുകളുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായി അന്വേഷണ റിപ്പോർട്ട്. മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണർ മഹിപാൽയാദവാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. രാവിലെ അതിനു മുമ്പുതന്നെ മദ്യം വിൽക്കുന്നതായി കണ്ടെത്തി. മദ്യവില്പന നിരോധിച്ചിരിക്കുന്ന ദിവസങ്ങളിൽ പിൻവാതിൽ വഴി വില്പന നടത്തുകയാണ്. മദ്യരജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്താതെ ഇതിനായി പഴുതൊരുക്കും. സർവീസ് ഡെസ്കുകൾ പ്രവർത്തിക്കാൻ അനുമതി വാങ്ങിയ പല ബാറുകളിലും സമാന്തര കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്. ഡി.ജെ പാർട്ടികളും നിശാപാർട്ടികളും നടക്കുന്നതായും റിപ്പോർട്ടുണ്ട്. കള്ളുഷാപ്പുകളുടെ പരിശോധനയിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തി.
പരിശോധനയുടെ പേരിൽ പണം തട്ടാൻ പല ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ബാറുടമകൾ മന്ത്രിക്കും എക്സൈസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു.
കർത്തവ്യം നിറവേറ്റണം,
ഇല്ലെങ്കിൽ നടപടി
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കർശനമായി പാലിക്കേണ്ട ചുമതലകൾ ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ ജോയിന്റ് കമ്മിഷണർമാർക്കും ഡെപ്യൂട്ടി കമ്മിഷണർമാർക്കും സർക്കുലർ അയച്ചു.
#ബാർഹോട്ടലുകൾ സമയക്രമം പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
# സർവീസ് ഡെസ്കുകൾക്ക് അനുമതിയുള്ള ബാറുകളിൽ അത് ബാർ കൗണ്ടറിന് സമാനമായി നടത്താൻ അനുവദിക്കരുത്.
# പിഴയൊടുക്കി ക്രമീകരിക്കാത്ത അനധികൃത നിർമാണങ്ങൾ തടയണം
# പാർട്ട്നർഷിപ്പിൽ പുനഃസംഘടന വരുത്തിയത് ക്രമപ്പെടുത്താത്ത ബാറുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം
# ഡ്രൈ ഡേയിലെ വില്പനയും സമയം കഴിഞ്ഞുള്ള വില്പനയും സെക്കന്റ് സ് വില്പനയും തടയണം.
# കൗണ്ടറുകളിൽ നിന്നുതന്നെ പരിശോധനയ്ക്കുള്ള മദ്യസാമ്പിളുകൾ ശേഖരിക്കണം.
# അനധികൃത ഡി.ജെ പാർട്ടികളും നിശാപാർട്ടികളും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം
# കള്ളുഷാപ്പുകളിലെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കുക, മൊബൈൽ ലാബിന്റെ പ്രവർത്തനം ഉറപ്പാക്കുക. കള്ളിന്റെ വീര്യത്തിൽ വ്യതിയാനം കണ്ടാൽ ബന്ധപ്പെട്ട ഗ്രൂപ്പിലെ എല്ലാ ഷാപ്പുകളിൽ നിന്നും സാമ്പിൾ ശേഖരിക്കണം.
#കൃത്രിമ കള്ളിന്റെ വില്പനയും അനുവദനീയ അളവിൽ കൂടുതൽ കള്ള് ശേഖരിക്കുന്നതും തടയണം.
# ചുമതലകളിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെനടപടിയുണ്ടാകും.