
പാർലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുമ്പോഴേല്ലാം എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിച്ച് പൊലീസ് പെൻഷൻ സംഘടനയെ സമീപിക്കാറുണ്ട്. ഇത്തവണയും അതു പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകി സേവനമനുഷ്ഠിച്ച്, രോഗികളായി വിരമിച്ച പൊലീസുകാരെ ഒരു തരം നികൃഷ്ട ജീവികളെപ്പോലെയാണ് വന്നു പോകുന്ന എല്ലാ സർക്കാരും അവഗണിക്കുന്നത്. ഇന്നിപ്പോൾ ഈ വയോധികരും അവരുടെ കുടുംബങ്ങളും ആർക്കാണ് വോട്ടു ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ്.
കേന്ദ്രസർക്കാരും സംസ്ഥാനത്തെ വിരമിച്ച പൊലീസുകാരെ കൈവിടുന്നു. ഈ സർക്കാർ സംവിധാനങ്ങളെല്ലാം സമയപരിധിയില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ യന്ത്രവത്കൃത റിമോട്ടുകളായി കാണുമ്പോൾ അവരിൽ നിന്ന് വിരമിക്കുന്നവരെ കണ്ടില്ലെന്നു നടിക്കുകയും അവരുടെ മനുഷ്യാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ സേവനകാലത്തെ ജോലിഭാരത്തിന്റെ തിക്തഫലമായി രോഗികളും അവശരുമായിത്തീർന്ന വിരമിച്ച പൊലീസുകാർ സർക്കാരുകളുടെ അവഗണനയുടെ കൈപ്പുനീർ കുടിക്കേണ്ടി വരുമ്പോൾ അവരും കുടുംബങ്ങളും ഈ പാർലമെന്റ് ഇലക്ഷനിൽ ആർക്കാണ് വോട്ടുകൾ രേഖപ്പെടുത്തി വിജയിപ്പിക്കേണ്ടത്?
(എം. പ്രഭാകരൻ നായർ,
കേരള പൊലീസ് പെൻഷനേഴ്സ് വെൽ. അസോ. മുൻ സംസ്ഥാന വൈസ് പ്രസി.)