ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വെയ്പുത്സവം ഇന്നു നടക്കും. ആചാരപ്പെരുമയിൽ ഉത്സവത്തിന്റെ ഒമ്പതാം നാൾ മൂലസ്ഥാനമായ പനവേലിപ്പറമ്പിലേക്ക് എഴുന്നള്ളത്ത് നടത്തുമ്പോൾ കളിമണ്ണിൽ തീർത്ത ഒരു കരിനായയുടെ രൂപം കൂടി കൊണ്ടുപോകും.

തിരിച്ചെഴുന്നള്ളത്ത് നടത്തി ക്ഷേത്രത്തിന് മുന്നിൽ ഈ നായയെ വച്ച് കൊടിയിറക്ക് നടത്തും. ഇതോടൊപ്പം മണ്ണിൽ തീർത്ത മറ്റ് മൃഗങ്ങളുടെയും മനുഷ്യരുടെയും മനുഷ്യാവയവങ്ങളുടെയും രൂപങ്ങൾ ഭക്തർ വാങ്ങി ക്ഷേത്രത്തിനു ചുറ്റും വച്ച് ദേവനെ വണങ്ങുന്നതാണ് നായ്‌വെയ്പ് ചടങ്ങ്.

ആറ്റിങ്ങൽ ഗേൾസ് സ്കൂളിനു സമീപം മൺപാത്രം നിർമ്മിക്കുന്ന കുടുംബങ്ങളാണ് നായ് വെയ്പ് രൂപങ്ങൾ നിർമ്മിക്കുന്നത്.

ഈ രൂപങ്ങൾ കളിമൺ ചെളികുഴച്ച് കൈകൊണ്ട് നിർമ്മിക്കും.നെയ്യാറ്റിൻകരയിൽ നിന്നാണ് 60000 രൂപ വില കൊടുത്ത് കളിമൺ കൊണ്ടുവന്നത്.കളിമൺ ചെളി കുഴച്ചശേഷം ഒരു ദിവസം കൂട്ടിവയ്ക്കും. ഇത് മണ്ണ് പരുവപ്പെടാനാണ്. അടുത്തദിവസം ഈ കളിമണ്ണിൽ രൂപങ്ങൾ തയ്യാറാക്കി വെയിലിൽ ഉണക്കും. പിന്നീട് രൂപങ്ങളിൽ കുമ്മായം പൂശും. അതിനുശേഷം വിവിധ നിറങ്ങൾ ഉപയോഗിച്ച് ചിത്രപ്പണികൾ നടത്തും. ഇങ്ങനെ തയ്യാറാക്കുന്ന രൂപങ്ങളാണ് നായ് വെയ്പ് ദിനത്തിൽ ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്.

ഐതിഹ്യം

ഇണ്ടിളയപ്പൻ ക്ഷേത്രത്തിന്റെ മൂലക്ഷേത്രം പനവലിപറമ്പിലാണ്.തനിക്ക് ഇരിക്കാൻ അനുയോജ്യമായ വാസസ്ഥലം കണ്ടുപിടിക്കാൻ ഭഗവാൻ ഭൂതത്താനോട് കല്പിച്ചു.ഭൂതത്താൻ ഈ പ്രദേശത്ത് എത്തി കുടിയേറി. ഭൂതത്താനെ കാണാതെ തിരക്കിയിറങ്ങിയ ഭഗവാന് അന്ന് വഴികാട്ടിയായത് ഒരു കരിനായ് ആണന്ന് പഴമക്കാർ പറയുന്നു. ഈ നായയെ സ്മരിച്ചാണ് ക്ഷേത്രത്തിന്റെ മൂല സ്ഥാനമായ പനവേലി പറമ്പിലേയ്ക്ക് കാലങ്ങളായി കുശവ സമുദായക്കാർ കളിമണ്ണിൽ നിർമ്മിച്ച് നൽകുന്ന കരിനായയുടെ രൂപവുമായി നായ വെയ്പ്പ് എഴുന്നുള്ളത്ത് നടത്തുന്നതെന്നാണ് ഐതിഹ്യം.എഴുന്നള്ളത്ത് സമയം ഭഗവാനൊപ്പം ഭൂതത്താനും കരിനായയും കൂടെയുണ്ടാകുമെന്നാണ് പഴക്കാർ പറയുന്നത്. നായ രൂപത്തിനൊപ്പം മറ്റുമൃഗങ്ങളുടേയും മനുഷ്യ രൂപങ്ങളും മനുഷ്യാവയവ രൂപങ്ങളും നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കാറുണ്ട്.ശാരീരിക അസ്വസ്ഥതകൾ മാറാനാണ് മനുഷ്യ രൂപങ്ങളും അവയവ രൂപങ്ങളും സമർപ്പിക്കുന്നത്.