തിരുവനന്തപുരം: കരിയ്ക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ശ്രീരക്തചാമുണ്ഡി,​ശ്രീബാലചാമുണ്ഡി,​ ശ്രീശാസ്താവ് എന്നീ ദേവതമാരുടെ പുന:പ്രതിഷ്ഠ ഇന്നലെ നടന്നു.രാവിലെ 10.38 നും 11.28 നും ഇടയിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മങ്ങൾ നിർവഹിച്ചത്.കേരളീയ വാസ്തുശൈലിയിൽ നിർമ്മിച്ച ആലയങ്ങൾക്ക് കൃഷ്‌ണശിലകൊണ്ട് ചുവർ തീർത്തിട്ടുണ്ട്.തേക്കിൻതടിയിൽ തീർത്ത മേൽക്കൂരയിൽ ചെമ്പ് പൊതിഞ്ഞ് സ്വർണം പൂശിയ താഴികക്കുടങ്ങളും സ്ഥാപിച്ചു.പ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രചുറ്റമ്പലത്തിനകത്ത് താലപ്പൊലിയും പഞ്ചവാദ്യവും ഉണ്ടായിരുന്നു.

അന്നദാനത്തിന്റെ ഭാഗമായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

പ്രതിഷ്ഠാദിനമായ ഇന്നലെ മുതൽ തന്നെ പ്രത്യേകപൂജകൾക്കും വഴിപാടുകൾക്കും സൗകര്യമൊരുക്കി.പ്രധാന വഴിപാടായ നടതുറപ്പ് നേർച്ച ഇന്നലെ വൈകിട്ട് 4.30 ന് നടന്നു.

വൈകിട്ട് ആറുമണി മുതൽ ക്ഷേത്രം നടപ്പന്തലിൽ ചലച്ചിത്രതാരം ജയറാം മേളപ്രമാണിയായി 101 വാദ്യപ്രമാണിമാർ ചേർന്ന് അവതരിച്ച പഞ്ചാരിമേളവും നടന്നു.