
ആറ്റിങ്ങൽ: വലിയകുന്നിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 53 പവൻ സ്വർണവും നാലര ലക്ഷം രൂപയും കവർന്ന രാജസ്ഥാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാനിലെത്തി കേക്കരി ജില്ലയിൽ ഭിനായി എന്ന ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ കിഷൻലാൽ ബഗാരിയ (20),സൺവർലാൽ ബഗാരിയ (25) എന്നിവരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇക്കഴിഞ്ഞ 6ന് ഡോ.അരുൺ ശ്രീനിവാസനും കുടുംബവും വർക്കലയിലുള്ള ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചത്.തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരവേയാണ് പ്രതികൾ രാജസ്ഥാൻ സ്വദേശികൾ ആണെന്നും, മോഷണവസ്തുക്കളുമായി രക്ഷപ്പെട്ടതായും കണ്ടെത്തിയത്. ആറ്റിങ്ങൽ എസ്.ഐ ആദർശിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം അംഗങ്ങളാണ് രാജസ്ഥാനിലെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.