p

തിരുവനന്തപുരം: കേരള സർവകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണം അടക്കം അന്വേഷിക്കാൻ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി പരിശോധനാ വിഷയങ്ങൾ തീരുമാനിച്ചു. ആരോപണ വിധേയരുടെയും പരാതിക്കാരുടെയും മൊഴി ആദ്യം രേഖപ്പെടുത്തും. പരാതിയുള്ള കോളേജുകളുടെ അധികാരികൾ, അപ്പീൽ കമ്മിറ്റി, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസ് തുടങ്ങിയവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.

അപ്പീലുകൾ ലഭിച്ച മത്സരങ്ങൾ, എത്ര അപ്പീലുകൾ, അപ്പീലിൽ എന്തു നടപടിയെടുത്തു, അപ്പീൽ വിധിയുണ്ടായിട്ടും തർക്കത്തിനിടയായെങ്കിൽ അതിന്റെ കാരണങ്ങൾ, എന്തൊക്കെ ഇടപെടലുകളാണ് ഉണ്ടായത് എന്നിവയും പരിശോധിക്കും. വിധികർത്താക്കളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡവും അതിൽ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. സിൻഡിക്കേറ്റംഗങ്ങളായ ഗോപ്ചന്ദ്രൻ, ജി.മുരളീധരൻ, ആർ.രാജേഷ്, ഡോ.ജയൻ, രജിസ്ട്രാർ ഡോ.അനിൽകുമാർ എന്നിവരടങ്ങിയതാണ് സമിതി.

യുവജനോത്സവ നടത്തിപ്പിനുള്ള ചട്ടങ്ങളും യൂണിയന്റെ നിയമാവലിയും സംബന്ധിച്ച മാന്വൽ പരിഷ്കരിക്കുന്നതിന് സിൻഡിക്കേറ്റംഗങ്ങളും അദ്ധ്യാപകരും കലാ, സാഹിത്യ പ്രതിഭകളുമടങ്ങിയ മറ്റൊരു സമിതിയെയും സിൻഡിക്കേറ്റ് നിയോഗിച്ചിട്ടുണ്ട്.

സെനറ്റ് 27ന്

കേരള സർവകലാശാലയുടെ ബഡ്ജറ്റിന് പകരം മൂന്നുമാസത്തെ വരവുചെലവ് കണക്കുകൾ ഉൾപ്പെടുത്തി വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ച് പാസാക്കാനുള്ള സെനറ്റ് യോഗം 27ന് ചേരും. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളതിനാൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. പെരുമാറ്റച്ചട്ടം അവസാനിച്ചാൽ സമ്പൂർണ ബഡ്ജറ്റ് അവതരിപ്പിക്കാം. യു.ജി.സി ചട്ടഭേദഗതിയടക്കം വിഷയങ്ങൾ മാറ്റിവച്ചിട്ടുണ്ട്.