russia

തിരുവനന്തപുരം: റഷ്യ- യുക്രെയിൻ യുദ്ധമുഖത്ത് നിയോഗിക്കാനായി തൊഴിൽ തട്ടിപ്പിലൂടെ റഷ്യയിലേക്ക് കടത്തിയ മലയാളികളെ കണ്ടെത്തി നാട്ടിൽ തിരിച്ചെത്തിക്കാൻ മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി സി.ബി.ഐ. യുദ്ധമുഖത്ത് കുടുങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് എംബസിക്ക് കൈമാറി. ഇന്റർപോൾ വഴി ഇവരെ കണ്ടെത്താനും ശ്രമിക്കുന്നു. കണ്ടെത്തിയാൽ താത്കാലിക പാസ്‌‌പോർട്ട് നൽകി എല്ലാവരെയും നാട്ടിലെത്തിക്കാനാണ് ശ്രമം.

തിരുവനന്തപുരം അഞ്ചുതെങ്ങിലെ മൂന്നും പൂവാറിലെ ഒരു യുവാവുമാണ് റഷ്യയിൽ യുദ്ധമുഖത്തുള്ളത്. കൂടുതൽ മലയാളികളെ യുദ്ധത്തിനായി റിക്രൂട്ട് ചെയ്തിരിക്കാമെന്ന് സി.ബി.ഐ കരുതുന്നു. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഇന്ത്യൻ എംബസി യുദ്ധമുഖത്തുള്ളവരുമായി ബന്ധപ്പെടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സർക്കാർ തലത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് യുദ്ധ മേഖലയിലെത്താൻ കഴിയാത്തതാണ് വെല്ലുവിളി. ഇന്ത്യക്കാരെ യുദ്ധമുഖത്തു നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളി മേഖലയിലെ യുവാക്കളെയാണ് രണ്ടുലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് കടത്തിയത്. ഒരു വർഷം കഴിഞ്ഞ് റഷ്യൻ പൗരത്വവും ഉറപ്പ് നൽകിയിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24), ടിനു (25), വിനീത് (23), പൂവാർ സ്വദേശി ഡേവിഡ് എന്നിവരാണ് റഷ്യയിലുള്ളത്. പ്രിൻസിന് തലയ്ക്കും കാലിനും വെടിയേറ്റിരുന്നു. യുക്രെയിനിന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ഡേവിഡ് അവിടത്തെ ഒരു പള്ളിയിൽ അഭയം തേടിയിരിക്കുകയാണ്.

ഡേവിഡിന്റെ വീട്ടിലെത്തി

വിവരം ശേഖരിച്ചു

യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ പൂവാർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തി സി.ബി.ഐ സംഘം വിവരങ്ങൾ ശേഖരിച്ചു. സെക്യൂരിറ്റി ജോലിക്കായാണ് ഡേവിഡിനെ അഞ്ചു മാസം മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയത്. ഏജന്റിന് 3 ലക്ഷം രൂപ നൽകിയിരുന്നു. ഏജന്റിനെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. രണ്ടാഴ്ച മുൻപാണ് യുദ്ധത്തിൽ പരിക്കേറ്റ വിവരം ഡേവിഡ് വീട്ടിൽ വിളിച്ച് അറിയിച്ചത്. പാസ്‌‌പോർട്ടും മറ്റു രേഖകളും പട്ടാളവേഷത്തിലുള്ള ഉദ്യോഗസ്ഥരുടെ കൈയിലാണ്.