
വെഞ്ഞാറമൂട്: കാട്ടുപന്നിയുടെ ശല്യം കുറയ്‌ക്കാൻ സ്ഥാപിച്ചിരുന്ന കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെയും ഫോറൻസിക് വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തി വിശദമായ തെളിവെടുപ്പും സ്ഥലപരിശോധനയും നടത്തി.
വെള്ളുമണ്ണടി ചക്കക്കാട് സ്വദേശി അരുണാണ് (ഉണ്ണി- 35) ഞായറാഴ്ച പുലർച്ചെ 1.30ഓടെ മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സമീപത്തെ ആറ്റിൽ നിന്ന് മീൻ പിടിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. അരുണിന്റെ വീട്ടിൽ ബൈക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഓലിക്കര–കുന്നിൽ റോഡിലെ പുരയിടത്തിനു സമീപം ബൈക്ക് വച്ചിട്ടാണ് പോകുന്നത്. വീട്ടിലേക്ക് തിരിഞ്ഞ് മിനിട്ടുകൾക്കകം നിലവിളിയും ബൈക്ക് വീഴുന്ന ശബ്ദവും കേട്ട് സുഹൃത്തുക്കൾ ഓടിയെത്തുമ്പോൾ അരുണിനെ കമ്പിയിൽ കുടുങ്ങിയ നിലയിലും ബൈക്ക് മറിഞ്ഞ നിലയിലും കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളാണ് അരുണിനെ കന്യാകുളങ്ങര ഗവ.ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം ഇന്നലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.എസ്.സ്‌മിത,ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ബോബൻ,എ.ഇ.ഷാഖിൽ,ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫീസർ ഡോ.എഫ്.ഷൈനി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ സ്ഥലപരിശോധന നടത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.