
ഉദിയൻകുളങ്ങര: പാറശാല പഞ്ചായത്തിന് കീഴിലെ പരശുവയ്ക്കൽ പൊന്നംകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. മീനച്ചൂടും വേനൽക്കാലവും രൂക്ഷമായതോടെ കുടിവെള്ളക്ഷാമവും പ്രദേശത്ത് രൂക്ഷമാണ്. വേനൽക്കാലത്ത് കൃഷിയിടങ്ങളും
നീരുറവകളും സംരക്ഷിക്കാൻ ഇടതുകര, വലതുകര കനാലുകൾ തുറന്നെങ്കിലും പാറശാല പഞ്ചായത്തിലെ 106ഓളം കുളങ്ങൾ നവീകരണമില്ലാതെ ശോചനീയാവസ്ഥയിലായത് ജലസംരക്ഷണത്തിന് കഴിയാതെയാകുന്നു.
വേനൽക്കാലമായതോടെ ഇടതുകര, വലതുകര കനാലുകളെ ആശ്രയിച്ചുള്ള ജലാശയങ്ങളിലേക്ക് വെള്ളം നിറയ്ക്കാൻ കനാലുകൾ തുറന്നെങ്കിലും പാറശാല പഞ്ചായത്തിലെ മിക്ക നീരുറവകളും ശോചനീയാവസ്ഥയിലായത് ഇവിടേക്ക് വെള്ളം തുറന്നുവിടാനും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇറിഗ്വേഷൻ വകുപ്പ്. ഇതുമൂലം പ്രദേശങ്ങളിലെ വേനൽക്കാല കൃഷിയും അവതാളത്തിലാണ്. കിണറുകളിൽ വേണ്ടത്ര ജലം ലഭിക്കാത്തതിനാൽ കുടിവെള്ളക്ഷാമവും അതിരൂക്ഷമാണ്.
കുളങ്ങൾ നാശത്തിൽ
പരശുവയ്ക്കൽ, കൊറ്റാമം, ഇടിച്ചക്കപ്ലാമൂട് തുടങ്ങിയ പ്രദേശങ്ങളിലായുള്ള പുതുക്കുളം, പാറശാല, ചാലക്കുളം, ചെമ്പരത്തികുളം,ദർപ്പ കുളം, പെരിന്തലക്കുളം, കുറുക്കുട്ടി കുളം, തവളയില്ലാക്കുളം തുടങ്ങി പഞ്ചായത്തിലെ 105 ഓളം വരുന്ന കുളങ്ങളിൽ 90ലേറെ കുളങ്ങൾ ശോചനീയാവസ്ഥയിലാണ്.
നവീകരണം പെരുവഴിയിൽ
വേനൽ കടുക്കുന്നതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകമെന്ന ഭീതിയിലാണ് നാട്ടുകാർ. ഇതിന് പരിഹാരമായി പൊന്നാംകുളം നവീകരണം. എന്നാൽ ഇതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതി പ്രകാരം 36 ലക്ഷം രൂപ അനുവദിക്കാൻ ശ്രമം തുടങ്ങിയെങ്കിലും കുളത്തിലെ ശോചനീയാവസ്ഥ പൂർണമായി പരിഹരിക്കാൻ ഒരു കോടിയിലധികം വേണമെന്നതിനാൽ
കുളം നവീകരണത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തൊഴിലുറപ്പ് പദ്ധതിക്കാർ വിസമ്മതം അറിയിക്കുകയും നവീകരണ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കുളം നവീകരണത്തിന് വേണ്ടി പ്രവർത്തനങ്ങൾ തുടങ്ങുകയും കുളത്തിൽനിന്ന് കുറച്ചു മണ്ണ് നീക്കം ചെയ്തതിനുശേഷം നവീകരണ പ്രവർത്തനങ്ങൾ പൂർണമായും നിറുത്തി വയ്ക്കുകയായിരുന്നു.
ആവശ്യം ഏറെ
ഇടതുകര കനാലിൽ നിന്നും എത്തുന്ന വെള്ളവും നീരുറവയായ ചെറു ചാലുകളിൽ നിന്നും എത്തുന്ന ജലമാണ് ഈ കുളത്തിൽ ശേഖരിക്കുന്നത്. 20 വർഷം മുമ്പ് വരെ ഈ കുളത്തിലെ വെള്ളം ഉപയോഗിച്ച് നെൽകൃഷി വരെ പ്രദേശത്ത് ഉണ്ടായിരുന്നെങ്കിലും കുളത്തിന്റെ ശോചനീയാവസ്ഥ തുടങ്ങിയതോടെ പ്രദേശത്തെ കൃഷികൾ നിലച്ചു. കുളത്തെ ആശ്രയിച്ചുപോന്ന നീരുറവകൾ പോലും മാലിന്യവും മണ്ണും കൊണ്ട് മൂടപ്പെട്ടു. പാറശാലക്കാർ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.