തിരുവനന്തപുരം: നഗരത്തിലെ റോഡുകൾ സ്‌മാർട്ടാക്കി മാറ്റുന്ന പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. ഉപരിതല നവീകരണം പൂർത്തിയാക്കിയ സ്‌പെൻസർ ജംഗ്ഷൻ-ഗ്യാസ് ഹൗസ് റോഡ് ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുത്തു. ബാക്കി റോഡുകളിൽ ദ്രുതഗതിയിൽ ജോലികൾ പുരോഗമിക്കുകയാണ്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി മുഖേന നടപ്പിലാക്കുന്ന നിർമ്മാണങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്. മാനവീയം വീഥി,കലാഭവൻ മണി റോഡ്,അയ്യങ്കാളി ഹാൾ റോഡ് എന്നിവ നവീകരണം പൂർത്തിയാക്കി നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.
ഇപ്പോൾ നിർമ്മാണം നടക്കുന്ന ഭൂരിഭാഗം റോഡുകളും രണ്ടാഴ്‌ചയ്ക്കുള്ളിൽ തുറക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. തലസ്ഥാനത്തെ റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌മാർട്ട് സിറ്റി പദ്ധതി തയ്യാറാക്കിയത്. യൂട്ടിലിറ്റിക്കായി പ്രത്യേക ഡക്ട്,മികച്ച ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയോടെ ആകർഷകമായ റോഡുകൾ നിർമ്മിക്കുന്ന പദ്ധതിയാണിത്. റോഡുകൾ ഇടയ്‌ക്കിടെ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്‌മാർട്ട് റോഡുകൾ.
നേരത്തെ ആരംഭിച്ച പദ്ധതിയുടെ കരാറുകാരൻ ഇടയ്‌ക്കുവച്ച് നിർമ്മാണം നിറുത്തിയത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. തുടർന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെടുകയും കരാറുകാർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്‌തു. കരാറുകാരിൽ നിന്ന് 15 കോടി രൂപ പിടിച്ചെടുക്കുകയും റിസ്‌ക് ആന്റ് കോസ്റ്റിൽ ഒഴിവാക്കുകയും ചെയ്‌തു. പിന്നീട് ഓരോ റോഡുകൾക്കും പ്രത്യേകം ടെൻഡർ വിളിച്ചാണ് കരാറുകാരെ കണ്ടെത്തിയത്. മഴയ്ക്കുമുമ്പ് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന നഗരവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എല്ലാ റോഡുകളും ഒന്നിച്ച് പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. ചിലയിടങ്ങളിൽ അടിക്കടിയുണ്ടായ പൈപ്പ് പൊട്ടലും സ്വീവേജ് ലൈൻ പ്രശ്‌നങ്ങളും കാരണം ഭൂരിഭാഗം റോഡുകളിലും നിർമ്മാണം തടസപ്പെട്ടിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്.
റോഡ് നവീകരണം ഇങ്ങനെ
സ്‌മാർട്ടാകുന്ന റോഡുകൾ 12
ഉപരിതല നവീകരണം 18
രണ്ടിലുമായി പൂർത്തിയായവ 4
നേരത്തെ ഉപരിതല നവീകരണം നടത്തിയ റോഡുകൾ 25