തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മൂന്ന് സ്ഥാനാർത്ഥികളും പ്രചാരണത്തിന് വേഗം കൂട്ടി. നെയ്യാറ്റിൻകര അസംബ്ളി മണ്ഡലത്തിന്റെ മണ്ണിലൂടെയായിരുന്നു തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പര്യടനം.രാവിലെ 10ന് കുളത്തൂർ ഗവ: കോളജ് പരിസരത്തു നിന്നാണ് പര്യടനം തുടങ്ങിയത്.വിശ്വഭാരതി സ്‌കൂൾ, കേരള ആട്ടോമൊബൈൽസ്, നെയ്യാറ്റിൻകര താലൂക്കാശുപത്രി, റോളൻസ് ഹോസ്പിറ്റൽ, പെരുമ്പഴുതൂർ ഗവ: പോളിടെക്‌നിക്, കോടതി സമുച്ചയം തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. മലങ്കര ബിഷപ്പിനെയും സ്ഥാനാർത്ഥി സന്ദർശിച്ചു.വളരെ സൗഹാർദ്ദപരമായിട്ടാണ് സ്ഥാനാർത്ഥിയെ സഭാനേതൃത്വം സ്വീകരിച്ചത്. വൈകിട്ട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ നൈറ്റ് മാർച്ചിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ചെമ്പഴന്തി കല്ലർത്തല ശ്രീ ബാലഭദ്ര ദേവീക്ഷേത്രത്തിലെ ഇരുപതാം പ്രതിഷ്ഠ വാർഷിക കാപ്പുകെട്ടി കുടിയിരുത്ത് ഭാഗമായുള്ള പൊങ്കാലയ്ക്ക് ആശംസകൾ അറിയിച്ചാണ് ഡോ.ശശി തരൂർ ഇന്നലത്തെ പരിപാടികൾക്ക് ആരംഭം കുറിച്ചത്.തുടർന്ന് വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടന്ന 216 ആദിവാസി യുവതി യുവാക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുത്തു.ഹെതർ ടവറിൽ ഒന്നാമത് കേരള ലോ അക്കാഡമി ജി.ആർ.സി.എഫ് അന്താരാഷ്ട്ര കോൺഫറൻസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രചാരണം തുടങ്ങിയത് വെങ്ങാനൂർ പൗർണ്ണമിക്കാവിൽ സമൂഹ വിവാഹത്തിൽ പങ്കെടുത്തായിരുന്നു.ഉച്ചയ്ക്ക് 12ന് ബാല ത്രിപൂര സുന്ദരി ദേവീക്ഷേത്രത്തിൽ 216 വധൂവരൻമാരുടെ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വധൂവരൻമാരെ ആശീർവദിച്ചു.പയറ്റുവിള കോട്ടുകാൽ മുര്യതോട്ടം ഭഗവതി ക്ഷേത്രത്തിലെ തിരു ഉത്സവത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥി കല്ലിയൂർ ശ്രീഅരങ്ങിൽ കണ്ടൻ ശാസ്താ ക്ഷേത്രം പൈങ്കുനി ഉത്ര മഹോത്സവത്തിന്റെ സമൂഹ സദ്യയിലും പങ്കെടുത്തു.പൂക്കോട് വെറ്ററിനറി കോളേജ് വിദ്യർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ജയപ്രകാശിന്റെ പരാതിയും കേട്ടു. മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന ഭാരതീയം ട്രസ്റ്റ് സംഘടിപ്പിച്ച ഇഫ്താർ കാരുണ്യ സംഗമത്തിലും പങ്കെടുത്തു.