
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിക്കകം സൂര്യമംഗലം വീട്ടിൽ സുജിത്തിനെ (പട്ടി സുജിത്ത്) പൂജപ്പുര പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.യുവതിയെ കടയിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.സ്ത്രീയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്.സുജിത്തിന്റെ ഭാര്യയും നിരവധി കേസുകളിൽ പ്രതിയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സുജിത്ത് യുവതിയെ കടയിൽ കയറി ആക്രമിച്ചത്.കുറച്ചുനാൾ മുൻപ് സുജിത് വീട്ടിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.ഇതിൽ ഒരെണ്ണം പരിസരവാസിയായ യുവാവ് മറ്റൊരു വശത്തേക്കു തിരിച്ചുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.ഇയാൾക്കെതിരെ സുജിത് കൊടുത്ത പരാതിയിൽ സാക്ഷി പറയാൻ സമീപത്തെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടു.യുവതി വിസമ്മതിച്ചപ്പോൾ പ്രകോപിതനായി കടയിൽ അതിക്രമിച്ചുകയറി അവരെ ആക്രമിക്കുകയായിരുന്നു.പേട്ട സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുജിത്ത്. റൗഡി ലിസ്റ്റിലെയും പ്രധാനിയാണ്.