photo

നെടുമങ്ങാട് : കത്തുന്ന സൂര്യന്റെ ചൂടിനെ വകവയ്ക്കാതെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് മുന്നണികളും സ്ഥാനാർത്ഥികളും.പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥിന്റെ മരണത്തിനിടയാക്കിയ പൈശാചിക മർദ്ദനത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരായ നടപടി വി.സി റദ്ദാക്കിയതിന്റെ ചുവടു പിടിച്ചായിരുന്നു ഇന്നലത്തെ പ്രചാരണം. ഉന്നതരുടെ ഇടപെടൽ വഴിയാണ് പുതിയ തീരുമാനം എന്ന് സംശയിക്കുന്നുവെന്നും ആൻഡി റാഗിംഗ് കമ്മിറ്റിയുടെ ശുപാർശയോ നിയമോപദേശമോ ഇല്ലാതെയാണ് ഈ നടപടിയെന്നും ആരോപിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ രംഗത്തെത്തി.സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് തലസ്ഥാനത്തെത്തി രാജീവ് ചന്ദ്രശേഖർ എം.പിയെ സന്ദർശിച്ചതും പ്രചാരണായുധമായി.ഇടത് സ്ഥാനാർത്ഥി വി.ജോയി ഇക്കാര്യം കാമ്പസുകളിൽ നേരിട്ടെത്തി വിദ്യാർത്ഥികളുമായി പങ്കുവച്ചു.ചിറയിൻകീഴ് മണ്ഡലത്തിലെ കോളേജുകളിലായിരുന്നു പകൽ മുഴുവൻ വി.ജോയി.'ജോയ്‌ഫുൾ കാമ്പസ്' എന്ന ബാനറുയർത്തിയാണ് കുട്ടികൾ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്.ഏറെക്കാലം ചിറയിൻകീഴ് മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധാനം ചെയ്തിട്ടുള്ള തലേക്കുന്നിൽ ബഷീറിന് സ്മാരക മന്ദിരമൊരുങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. മണ്ഡലത്തിലെ രാഷ്ട്രീയ സിരാകേന്ദ്രമായ വെഞ്ഞാറമൂട്ടിൽ തലേക്കുന്നിൽ സ്മാരക മന്ദിരത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ശിലാസ്ഥാപനം നിർവഹിച്ചു.തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററിനായി മന്ദിരം നിർമ്മിക്കാൻ സബർമതി ട്രസ്റ്റാണ് സ്ഥലം നൽകിയത്.എം.എം. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി.പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.വർക്കല ശിവഗിരി രഘുനാഥപുരത്ത് മറ്റു പാർട്ടികൾ വിട്ട് കോൺഗ്രസ് അംഗത്വം സ്വീകരിച്ച പ്രവർത്തകരെ അടൂർ പ്രകാശ് ഷാൾ അണിയിച്ച് സ്വീകരിച്ചു. അണ്ടൂർക്കോണം, വർക്കല മണ്ഡലം കൺവെൻഷനുകളിലും ശ്രീജനാർദനസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിലും പങ്കെടുത്തു.ആറ്റിങ്ങൽ അമർജവാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ പ്രചാരണം ആരംഭിച്ച വി.മുരളീധരൻ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ആറ്റിങ്ങൽ ബ്രാഞ്ച് സന്ദർശിച്ചു. പ്രസിഡന്റ് സനൽകുമാറിന്റെ നേതൃത്വത്തിൽ വിമുക്തഭടന്മാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.നിവേദനത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി.കൊട്ടിയോട് കോളനിയിൽ വൃദ്ധജനങ്ങളും സ്ത്രീകളും ക്ഷേമപെൻഷൻ മുടങ്ങിയതിന്റെ സങ്കടം പങ്കിട്ടു.ടെക്സ്റ്റൈൽസ് ജീവനക്കാരെയും ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകരെയും പൊലീസുകാരെയും വ്യാപാരികളെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. സായ് ഗ്രാമത്തിൽ വികസന ചർച്ചയിലും മുദാക്കൽ, മംഗലപുരം,അഴൂർ, കിഴുവലം പഞ്ചായത്തു പ്രതിനിധിസഭയിലും പങ്കെടുത്തു.വൈകിട്ട് ജനാർദ്ദനസ്വാമി ക്ഷേത്രദർശനത്തിനു ശേഷം പദയാത്രകളുമായി നിരത്തിലേക്ക്. നാലാംകല്ല് ചെമ്പോട്ടുംപാറ പടുകളം ശ്രീപെരുമാൾ മുത്തൻ തമ്പുരാൻ ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥി ക്ഷേത്ര കഴകവും ആദ്യകാല പഞ്ചായത്ത് മെമ്പറുമായ അമ്മുക്കുട്ടിയെ ആദരിച്ചു.അടൂർ പ്രകാശിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ 10 ന് ആറ്റിങ്ങൽ എൽ.ഐ.സിക്ക് സമീപം രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ചിറയിൻകീഴ്, വർക്കല നിയോജക മണ്ഡലം കൺവെൻഷനുകളും നടക്കും. വി.ജോയ് നെടുമങ്ങാട് മണ്ഡലത്തിൽ പൗരപ്രമുഖരെ കാണും.