തിരുവനന്തപുരം: ചാക്കയിൽ ബി.എം.എസ് പ്രവർത്തകന്റെ വർക്ക് ഷോപ്പിനു നേരെ ഗുണ്ടാ ആക്രമണം. ആറ് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു.ഇന്നലെ പുലർച്ചെ 12.15നായിരുന്നു സംഭവം.ചാക്ക ശാസ്താനഗറിലെ ബി.എം.എസ് യൂണിയൻ കൺവീനർ സാബുവിന്റെ,റെയിൽവേ മേല്പാലത്തിന് സമീപത്തുള്ള വർക്ക് ഷോപ്പിന് മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളാണ് അക്രമികൾ അടിച്ചുതകർത്തത്. ഒരുമണിക്കൂറോളം പ്രദേശത്ത് കൊലവിളി നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം,ശബ്ദം കേട്ട് പുറത്തിറങ്ങിയവരെ മാരകായുധങ്ങൾ വീശി വിരട്ടിയോടിച്ചു.കരിക്കകം ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പേട്ട പൊലീസ് പറഞ്ഞു. ആക്രമണം നടക്കുമ്പോൾ സാബുവിന്റെ അനുജൻ രാജീവ് മാത്രമാണ് വർക്ക് ഷോപ്പിലുണ്ടായിരുന്നത്.ചാക്ക സ്വദേശി മുരുകൻ എന്ന ജയദേവൻ,ദാസ് എന്നിവരടക്കം നാലുപേരാണ് ആക്രമണം നടത്തിയത്. കാൽനടയായെത്തിയ ഇവർ വാഹനങ്ങൾ അടിച്ചു തകർക്കുകയും പുറത്തിറങ്ങിയ രാജീവിനെ വെട്ടുകത്തി വീശി വിരട്ടി ഓടിക്കുകയും ചെയ്തു.സമീപവാസികൾക്കു നേരെയും ഗുണ്ടാസംഘം ഭീഷണി മുഴക്കി.രാജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയദേവനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.19ന് രാത്രി ക്ഷേത്രത്തിൽ ഗാനമേളയ്‌ക്കിടെ ചാക്ക സ്വദേശി സജീവിനെ സാബുവിന്റെ സുഹൃത്തുക്കളായ ബി.എം.എസ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. തുടർന്ന് സജീവും സുഹൃത്ത് ആകാശും പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിൽ ആകാശിനെ അന്നു പുലർച്ചെ വീടിനു സമീപത്തുവച്ച് സാബുവിന്റെ സുഹൃത്തുക്കളായ പത്തംഗ സംഘം ആക്രമിച്ചു. ബിയർ കുപ്പി കൊണ്ട് ആകാശിന്റെ തലയ്ക്കടിക്കുകയും ചെയ്തു.പരിക്കേറ്റ ആകാശിന് തലയിൽ 10 തുന്നലിട്ടു.സംഭവത്തിൽ ആനയറ സ്വദേശി സൂര്യ,കരിക്കകം സ്വദേശികളായ കമൽ,അഖിൽ,കൊച്ചു എന്നിവർക്കും കണ്ടാലറിയാവുന്ന ആറുപേർക്കുമെതിരെ പൊലീസ് കേസെടുത്തു.