തിരുവനന്തപുരം:പതിഞ്ഞ തുടക്കം, പിന്നെ കൊട്ടിക്കയറൽ. കരിക്കകം ചാമുണ്ഡിക്ഷേത്രത്തിലെ ഉപദേവതമാരുടെ പുനഃപ്രതിഷ്ഠാചടങ്ങ് ദിനമായ ഇന്നലെ നടൻ ജയറാമിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം കരിക്കകത്തെയാകെ ആവേശക്കടലാക്കി.100 വാദ്യകലാകാരന്മാർക്കൊപ്പമാണ് ജയറാം മേളം കൊട്ടിത്തിമിർത്തത്. ക്ഷേത്രത്തിനു മുന്നിലെ പ്രത്യേകം തയ്യാറാക്കിയ നടപ്പന്തലിൽ ജയറാമും സംഘവും മേളത്തിര തീർത്തപ്പോൾ നൂറുകണക്കിന് ആളുകളാണ് ആസ്വദിച്ചത്. ഇടന്തല 15, കൊമ്പ് 15, കുഴൽ 15 എന്നിങ്ങനെയായിരുന്നു മേളനിര. 23 പേർ വീതം വലന്തലയിലും ഇലത്താളത്തിലുമായി അണിനിരന്നു. പതികാലത്തിൽ തുടങ്ങി കൊട്ടിക്കയറിയ മേളം ഇലഞ്ഞിത്തറ മേളത്തെ അനുസ്മരിക്കുന്ന വിധത്തിൽ മുറുകി. മേളക്കലാകാരന്മാർക്കൊപ്പം ജയറാം കൊട്ടിക്കയറിയത് ആസ്വാദകരുടെ മനസ്സിലേക്കാണ്.കൈകൾ ഉയർത്തി താളത്തിനൊത്തു ആസ്വാദകരും കൂടെ ചേർന്നപ്പോൾ മേളം അവസാനിച്ചത് രണ്ടുമണിക്കൂറിലേറെ പിന്നിട്ടപ്പോൾ. ക്ഷേത്ര ദർശനം നടത്തിയ ശേഷമായിരുന്ന ജയറാമിന്റെ മേളപ്പെരുക്കം.