തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യുട്ടിവ് എഡിറ്ററുമായ ബി.സി. ജോജോ (66) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പേട്ട എസ്. എൻ നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്ന് ഭൗതികശരീരം ഇന്നു രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. 11ന് കുടുംബവീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് സുമതി ഭവനിൽ.

ഭാര്യ:ഡോ.ടി.കെ.സുഷമ (വർക്കല എസ്.എൻ കോളേജ് ഹിന്ദി വിഭാഗം മുൻമേധാവി), മക്കൾ: ജെ.എസ്. ദീപു (സീനിയർ അസോസിയേറ്റ്, വാഡിയ ഗാന്ധി അഡ്വക്കേറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ്, മുംബയ്), ഡോ.ജെ.എസ്.സുമി (അസി.പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളേജ്) മരുമക്കൾ: ഡോ. സുരി രാജൻ പാലയ്ക്കൽ (നെയ്യാർ മെഡിസിറ്റി), അനീഷാകുമാർ (പ്രിൻസിപ്പൽ അസോസിയേറ്റ്, ഡി.എസ്.കെ അഡ്വക്കേറ്റ്സ് ആൻഡ് സോളിസിറ്റേഴ്സ് മുംബയ്).

കോളിളക്കം സൃഷ്ടിച്ച പാമോയിൽ അഴിമതി വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് ജോജോയുടെ റിപ്പോർട്ടുകളായിരുന്നു. മുല്ലപ്പെരിയാർ കരാറിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പുറത്തുകൊണ്ടുവന്നു. നദീജലകരാറിന്റെ മറവിൽ തമിഴ്നാടിന്റെ ജലം ചോർത്തലുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളും ച‌ർച്ചചെയ്യപ്പെട്ടു. മുല്ലപ്പെരിയാറിലേക്ക് വീണ്ടും എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

1958-ൽ മയ്യനാട്ട് ജനനം. മയ്യനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഡി.ബാലചന്ദ്രനും പി.ലീലാവതിയുമാണ് മാതാപിതാക്കൾ.

കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, ഡയറക്ടർമാരായ ലൈസ ശ്രീനിവാസൻ, ഷൈലജ രവി എന്നിവർ അന്ത്യോപചാരമർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി യൂണിറ്റ് ചീഫ് എസ്.വിക്രമൻ, എംപ്ളോയീസ് വെൽഫെയർ ഫോറത്തിനു വേണ്ടി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്.സാബു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും അനുശോചിച്ചു.