pp

വിജയവാഡ: ലോക്‌സഭ,​ നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ആന്ധ്രപ്രദേശിൽ സീറ്റ് ധാരണയിലെത്താതെ 'ഇന്ത്യ" മുന്നണി. എൻ.ഡി.എയുടേയും വൈ.എസ്.ആർ കോൺഗ്രസിന്റേയും സ്ഥാനാർത്ഥി നിർണ്ണയം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഒരു എം.പിയോ എം.എൽ.എയോ ഇല്ലാത്ത കോൺഗ്രസ് പാർട്ടിയാണ് അതേ അവസ്ഥയിലുള്ള സി.പി.എം, സി.പി.ഐ പാർട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കേണ്ടത്. 25 ലോക്‌സഭ സീറ്റുകളിലേക്കും 175 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് മത്സരം നടക്കുന്നത്.

സംസ്ഥാനത്തെ പ്രധാനകക്ഷികളിലൊന്നായ തെലുങ്കുദേശം പാർട്ടിയും പവൻകല്യാണിന്റെ ജനസേന പാർട്ടിയും എൻ.ഡി.എ സഖ്യത്തിൽ എത്തിയിരുന്നു. ലോക്‌സഭയിൽ ആറും നിയമസഭയിൽ പത്തും സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. നിയമസഭയിൽ ഒരിടത്ത് കൂടി ബി.ജെ.പി മത്സരിച്ചേക്കുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന പ്രസിഡന്റ് ദഗ്ഗുബതി പുരന്ദേശ്വരി ഉൾപ്പെടെയുള്ളവ‌ർ ആദ്യ ലോക്‌സഭ പട്ടികയിൽ ഇടംപിടിച്ചു. രാജമുണ്ട്രി മണ്ഡലത്തിലാണ് അവർ മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി നല്ലാരി കിരൺ കുമാർ റെഡ്ഡി രാജംപേട്ട് മണ്ഡലത്തിലും വൈ.എസ്.ആർ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന വര പ്രസാദ് റാവു തിരുപ്പതിയിലും മത്സരിക്കും.

നരസാപുരം മണ്ഡലം സിറ്റിംഗ് എം.പി കെ.രഘു രാമകൃഷ്ണ രാജുവിന് ബി.‌ജെ.പി സീറ്റ് കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭൂപതിരാജു ശ്രീനിവാസ് വർമ്മയാണ് അവിടെ സ്ഥാനാർത്ഥി. നിയമസഭ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടനുണ്ടായേക്കും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്

വൈ.എസ്.ആറും ടി.ഡി.പിയും

വൈ.എസ്.ആർ കോൺഗ്രസിന്റെ 24 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ഭൂരിപക്ഷം സിറ്റിംഗ് എം.പിമാരെ ഒഴിവാക്കിയുള്ള ലിസ്റ്രാണ് പുറത്തുവന്നത്. വിശാഖപട്ടണത്ത് സിറ്റിംഗ് എം.പി എം.വി.വി.സത്യനാരായണനുപകരം ബി.ഝാൻസി ലക്ഷ്മിയെ സ്ഥാനാർത്ഥിയാക്കി. നിയമസഭയിൽ ജഗൻ മോഹൻ റെഡ്ഡി ഇടുപ്പുലപായയിലും ടൂറിസം മന്ത്രിയും അഭിനേത്രിയുമായ ആർ.കെ.റോജ നഗരിയിലും മത്സരിക്കും.

ടി.ഡി.പി 17 ലോക്‌സഭ സീറ്റിലെ സ്ഥാനാർത്ഥികളെയും ആദ്യഘട്ട നിയമസഭ ലിസ്റ്റും പുറത്തിറക്കി. സ്ഥിരം സീറ്റായ കുപ്പത്തു മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജനവിധി തേടും. സീറ്റ് വിഭജനം പൂർത്തിയാകും മുമ്പ് 15 പേരുടെ പട്ടിക സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തയ്യാറാക്കി. 26 നിയമസഭ സീറ്റുകളും അരക്കു, കുർണൂൽ, നെല്ലൂർ, അനന്തപൂർ എന്നീ നാല് പാർലമെന്റ് സീറ്റുകളിലും മത്സരിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വി.ശ്രീനിവാസ റാവു നേരത്തെ അറിയിച്ചിരുന്നു.